നല്ലപാഠം പുരസ്കാരം അട്ടപ്പാടി കാരറ ഗവ. യുപിഎസിന്
Monday, June 22, 2015 10:44 hrs IST
മലയാള മനോരമ നല്ലപാഠം സംസ്ഥാന പുരസ്കാരം പാലക്കാട്
കാരറ ഗവ. യുപി സ്കൂളിനു വേണ്ടി വിദ്യാർഥിനികളായ പി. സന്ധ്യയും വി.എസ്.
ശ്യാമിനിയും അധ്യാപക കോഓർഡിനേറ്റർമാരും ചേർന്ന് ഐഎസ്ആർഒ: മുൻ ചെയർമാൻ ഡോ.
കെ. രാധാകൃഷ്ണനിൽനിന്ന് ഏറ്റുവാങ്ങിയപ്പോൾ. നർത്തകിയും എഴുത്തുകാരിയുമായ
രാജശ്രീ വാരിയർ, പിഎസ്‌സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, മുൻ ചീഫ്
സെക്രട്ടറി സി.പി. നായർ, മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ മാത്യൂസ് വർഗീസ്
എന്നിവർ സമീപം.
കൊച്ചി∙ അട്ടപ്പാടിയിലെ ഊരുകളിൽ
അക്ഷരവെളിച്ചം തെളിച്ചു സ്നേഹപാഠങ്ങൾ പകർന്ന പാലക്കാട് അട്ടപ്പാടി കാരറ ഗവ.
യുപിഎസിന് മലയാള മനോരമ നല്ലപാഠം പുരസ്കാരം. സംസ്ഥാനത്തെ മികച്ച സാമൂഹിക
പ്രതിബദ്ധതയുള്ള വിദ്യാലയങ്ങളെ കണ്ടെത്താനും ആദരിക്കാനുമായി മലയാള മനോരമ
നടത്തിയ ‘നല്ലപാഠ’ത്തിന്റെ ഗ്രാൻഡ് ഫിനാലെ വേദിയിൽ ഒരു ലക്ഷം രൂപയും
ശിൽപവും അടങ്ങിയ പുരസ്കാരം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനിൽ
നിന്നു സ്കൂൾ ഏറ്റുവാങ്ങി.
ഇരുള ആദിവാസി ഭാഷയ്ക്കു ലഘു ശബ്ദതാരാവലി രൂപപ്പെടുത്തിയും
ഔഷധപ്പച്ചയുള്ള സ്കൂൾ മുറ്റമൊരുക്കിയും ‘ബാലസഞ്ജീവനി’ മരുന്ന് ആദിവാസി
അമ്മമാരിലെത്തിച്ചും ഒട്ടേറെ നന്മയാർന്ന പ്രവർത്തനങ്ങളിലൂടെയാണ് ഈ
കൊച്ചുവിദ്യാലയം ഒന്നാമതെത്തിയത്.
എറണാകുളം ഉദയംപേരൂർ എസ്‌എൻഡിപി ഹയർ സെക്കൻഡറി സ്‌കൂളിനാണ് രണ്ടാംസ്ഥാനം.
50,000 രൂപയും ശിൽപവുമാണ് സമ്മാനം. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ
ഹയർസെക്കൻഡറി സ്‌കൂളിനാണ് 30,000 രൂപയും ശിൽപവും അടങ്ങിയ മൂന്നാംസ്ഥാനം.
രാജ്യത്തിനാകെ മാതൃക സൃഷ്ടിക്കുന്ന വലിയ നേട്ടങ്ങളിലേക്ക് ഉയരാൻ
നല്ലപാഠം വിദ്യാർഥികൾക്കു സഹായകമാവുമെന്ന് ഡോ. കെ. രാധാകൃഷ്ണൻ പറഞ്ഞു.
No comments:
Post a Comment