ഉപ്പ് |
മൂലകങ്ങളായ സോഡിയത്തിന്റേയും ക്ലോറിന്റേയും സംയുക്തമാണ് ഉപ്പ്.സോഡിയം ക്ലോറൈഡ് (NaCl) എന്നാണ് ഉപ്പ് അഥവാ കറിയുപ്പിന്റെ രാസനാമം.
ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും
ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ
ഉപ്പ് ഉപയോഗിക്കാറുണ്ട്.
കടൽ വെള്ളം സുര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് സാധാരണയായി
ഉണ്ടാക്കുന്നത്. അതേസമയം ലോകത്തിന്റെ പല ഭാഗത്തും ( പക്കിസ്ഥാനിലെ ഖ്യൂറ,
യു.എസ്., കരികടൽ തീരം, ആഫ്രിക്കയിലെ മൊറോക്കൊ, ആസ്ത്രിയ, റൊമേനിയ,
ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം)അതിന്റെ ഹാലൈറ്റ് എന്ന ധാതുരൂപത്തിൽ
ഉപ്പു കുഴിച്ചെടുക്കുന്ന ഖനികളുമുണ്ട്. ഇന്ത്യയിൽ രാജസ്ഥാനിൽ
ഉപ്പുഖനിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഖനികളിലൊന്ന് കനഡയിലാണ്.
പ്രകൃത്യാ ഉപ്പിൽ ചെറിയ തോതിൽ മഗ്നീഷ്യം ക്ലോറൈഡ് (MgCl2)
പോലെയുള്ള പല ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇവ സാധാരണ ഉപ്പിനെ
ആർദ്രീകരണസ്വഭാവമുള്ളതാക്കുന്നു. കൂടാതെ കടൽജലത്തിലെ ആൽഗേകളും
ഉപ്പുവെള്ളത്തിലും വളരുന്ന ബാക്റ്റീരിയകളൂം ചളിയുടെ അംശങ്ങളും
ശുദ്ധീകരിക്കാത്ത ഉപ്പിൽ ഉണ്ടായിരിക്കും.
വ്യവസായവിപ്ലവത്തിനു മുമ്പ് ഖനികളിൽ നിന്ന് ഉപ്പുണ്ടാക്കുന്നത്
ശ്രമകരമായിരുന്നു. പല പുരാതനരാജ്യങ്ങളും അടിമകളേയാണ് ഇവിടെ പണിക്കു
നിയോഗിച്ചിരുന്നത്. ഇവിടെ പണിയെടുക്കുന്നവർ കടുത്ത ആരോഗ്യപ്രശ്നങ്ങൾ കാരണം
പെട്ടെന്ന് മരിച്ചുപോയിരുന്നു.
പുരാതനറോമിൽ പട്ടാളക്കാരുടെ ശമ്പളത്തിൽ ഉപ്പ് വാങ്ങാനായി കൊടുത്തിരുന്ന
പങ്കിനെ കുറിക്കുന്ന സലേറിയം എന്ന വാക്കിൽ നിന്നാണ് സാലറി എന്ന
വാക്കുണ്ടായതെന്നും പറയപ്പെടുന്നു. ഇക്കാര്യം പുരാതനറോമൻ ചരിത്രകാരനായ പ്ലിനി ദ എൽഡറും പരാമർശിക്കുന്നുണ്ട്.
ഉപ്പ് വലിയ പരലുകളായും പൊടി രൂപത്തിലും കടകളിൽ ഇക്കാലത്ത് ലഭ്യമാണ്. അയോഡിൻ ചേർത്ത പൊടിയുപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
ഇന്ത്യയിലെ, കരയാൽ ചുറ്റപ്പെട്ട ഏറ്റവും വലിയ ഉപ്പ് തടാകമാണ് സാംഭർ തടാകം. രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ നിന്നും തെക്ക്പടിഞ്ഞാറ് ദിശയിൽ 96 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു. 1990-ൽ റാംസർ ഉടമ്പടി പ്രകാരം ഇത് അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു.
ഭൂമിശാസ്ത്രം
അരാവലി മലനിരകൾക്കിടയിൽ നാഗൗർ, ജയ്പൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സംഭാർ തടാകത്തിന് അജ്മീർ ജില്ലയുമായും അതിരുണ്ട്. ദീർഘവൃത്താകൃതിയിൽ 35.5 കിലോമീറ്റർ നീളവും 96 കിലോമീറ്റർ ചുറ്റളവും ഉണ്ട്. കാലാവസ്ഥയനുസരിച്ച് വീതി 3 കിലോമീറ്റർ മുതൽ 11 കിലോമീറ്റർ വരെയും വിസ്തീർണ്ണം 190 മുതൽ 230 ചതുരശ്രകിലോമീറ്റർ വരെയും ആകാറുണ്ട്. വരൾച്ച കാലത്ത് 60 സെന്റിമീറ്ററും മൺസൂൺ കഴിയുമ്പോൾ 3 മീറ്ററും ആഴമുണ്ടാകും.വേനൽകാലത്ത് 40° സെൽഷ്യസും ശൈത്യകാലത്ത് 11° സെൽഷ്യസും ആണ് ശരാശരി താപമാനം.
5.1 കിലോമീറ്റർ നീളമുള്ള അണക്കെട്ട്
ഈ തടാകത്തെ രണ്ടായി വിഭജിക്കുന്നു. ജലത്തിന്റെ ലവണാംശം ഒരു പ്രത്യേക
പരിധിക്ക് മേലെയാകുമ്പോൾ പടിഞ്ഞാറ് ഭാഗത്തു നിന്നും കിഴക്ക് ഭാഗത്തേക്ക്
വെള്ളം അണതുറന്ന് ഒഴുക്കി വിടുന്നു.
ഉപ്പ് ഉല്പാദനം
ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് തടാകമാണ് സാംഭർ. തടാകത്തിന് കിഴക്ക്
ഭാഗത്തായി ഏകദേശം 80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആയിരത്തോളം വർഷമായി
ഉപ്പ് ഉല്പാദിപ്പിക്കപ്പെടുന്ന ഉപ്പളങ്ങൾ സ്ഥിതി ചെയ്യുന്നു. ഇതിന് കിഴക്കു
ഭാഗത്തായി ഇവിടെ നിന്നും സംഭാർ ലേക്ക് സിറ്റി വരെ ഉപ്പ് സംഭരിച്ച്
കൊണ്ടുപോകുവാനായി ബ്രിട്ടീഷുകാർ നിർമ്മിച്ച തീവണ്ടിപ്പാതയുമുണ്ട്.
സാംഭർ തടാകത്തിലെ ഉപ്പളങ്ങളുടെ നിയന്ത്രണം തദ്ദേശവാസികളിൽ നിന്നും പല
കാലഘട്ടങ്ങളിലായി രജപുത്രരും, മുഗളരും പിന്നീട് ബ്രിട്ടീഷുകാരും
ഏറ്റെടുത്തിരുന്നു. രാജസ്ഥാൻ സംസ്ഥാനസർക്കാരും കേന്ദ്രവും തമ്മിൽ ഉണ്ടായ
ധാരണയുടെ ഫലമായി ഹിന്ദുസ്ഥാൻ സാൾട്ട്സ് ലിമിറ്റഡിന്റെയും സംസ്ഥാന
സർക്കാരിന്റെയും സംയുക്ത സംരംഭമായ സാംഭർ സാൾട്ട്സ് ലിമിറ്റഡ് എന്ന
സ്ഥാപനമാണ് 1960 മുതൽക്ക് ഉപ്പ് ഉല്പാദനം പ്രധാനമായും നിയന്ത്രിക്കുന്നത്.
പ്രതിവർഷം 210,000 ടൺ ഉപ്പ് ഇവിടെ നിർമ്മിക്കപ്പെടുന്നു. ഇത് രാജ്യത്തെ ആകെ
ഉല്പാദനത്തിന്റെ 3 ശതമാനമാണ്.വർധിച്ച തോതിലുള്ള അനധികൃത ഉപ്പ് നിർമ്മാണവും ഈ മേഖലയിലുണ്ട്.
No comments:
Post a Comment