“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, February 4, 2014

ഹെർമൻ ഗുണ്ടർട്ട് - 1814 ഫെബ്രുവരി 4-നു ജനിച്ചു.


ഹെർമൻ ഗുണ്ടർട്ട്-ഒരു പഠനം


ഡോ.ഹെർമൻഗുണ്ടർട്ട്
കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25). ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനിടയിൽ 1838 ഒക്ടോബർ 7-നു് ഗുണ്ടർട്ടും ഭാര്യയും തിരുനെൽവേലിയിൽ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയിൽ തമിഴ്ഭാഷയിൽ പ്രസംഗപാടവം നേടിയ ഗുണ്ടർട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം.ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരിൽ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒര ആയിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്.
ജനനം ജർമ്മനിയിലെ ബാദൻവ്യുർട്ടൻബർഗ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ സ്റ്റുട്ഗാർട്ടിലെ കിർഷ് സ്റ്റ്രാസ്സ് (ദേവാലയ റോഡ്) എന്ന തെരുവിലെ ഒരു വീട്ടിലാണു് ഹെർമൻ ഗുണ്ടർട്ട് ജനിച്ചതു്. പിതാവ് ലുഡ്‌വിഗ് ഗുണ്ടർട്ട് ഒരു അദ്ധ്യാപകനും വ്യവസായിയും ആയിരുന്നു. 1810 ഒക്ടോബർ 14-നു് അദ്ദേഹം ക്രിസ്റ്റ്യാനെ എൻസ്‌ലിൻ (Christiane Ensslin) എന്ന യുവതിയെ വിവാഹം ചെയ്തു. അവരുടെ മൂന്നാമത്തെ മകനായി 1814 ഫെബ്രുവരി നാലിനായിരുന്നു ഹെർമൻ ഗുണ്ടർട്ടിന്റെ ജനനം.[1]
പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ തെക്കൻ ജർമ്മനിയിൽ ശക്തി പ്രാപിച്ചുവന്ന ഒരു മതനവീകരണസംരംഭമായിരുന്നു ഭക്തിപ്രസ്ഥാനം (Pietism). ജീവനുള്ള വിശ്വാസം സ്നേഹഫലങ്ങൾ പ്രകടമാക്കണമെന്നും അതിനുവേണ്ടി സാമൂഹ്യപ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്നും ഭക്തിപ്രസ്ഥാനക്കാർ വിശ്വസിച്ചു. ഒരു തരം ആത്മീയമായ പുനർജനനത്തിലൂടെ മാത്രമാണു് യഥാർത്ഥത്തിലുള്ള ദൈവസന്തതികളാകാൻ കഴിയൂ എന്നു് അവർ കരുതി. യൊഹാൻ ആൽബ്രഷ്ട് ബെംഗൽ (Johann Albrecht Bengel, 1687-1752), ഫ്രീഡറിക് ക്രിസ്റ്റഫ് ഓട്ടിംഗർ (Friedrich Christoph Oetinger, 1702-1782)എന്നിവരായിരുന്നു ഭക്തിപ്രസ്ഥാനത്തിന്റെ മുഖ്യവക്താക്കൾ. സാർവ്വലൗകികവീക്ഷണവും മിസ്റ്റിസിസവും കലർന്ന ഇവരുടെ ചിന്തകളും ആശയങ്ങളും പിൽക്കാലത്തു് ഗുണ്ടർട്ടിന്റെ ജീവിതശൈലിയെ സാരമായി സ്വാധീനിച്ചിട്ടുണ്ടു്. 1812-ൽ ഇവരുടെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് ബൈബിൾ സൊസൈറ്റി സ്റ്റുട്ട്ഗാർട്ടിൽ ഒരു ശാഖ തുറന്നു. ലുഡ്‌വിഗ് അതിന്റെ പ്രാരംഭപ്രവർത്തകരിൽ ഒരാളായിച്ചേർന്നു. ഭാര്യ ക്രിസ്റ്റ്യാനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അത്യധികം സഹായിച്ചിരുന്നു.[1]
ജനിച്ചു പത്താം ദിവസം സ്ഥലത്തെ കത്തീഡ്രലിൽ കുട്ടിയ്ക്കു് സ്നാപനം നൽകി 'ഹെർമൻ' എന്നു പേരിട്ടു. അക്കാലത്തു് ജർമ്മൻ ദേശീയതയുടെ പ്രതീകമായിരുന്നു, ഒന്നാം നൂറ്റാണ്ടിൽ റോമാക്കാരെ ജർമ്മനിയിൽ നിന്നു തുരത്തിയോടിച്ച ഹെർമൻ ഡെർ കെറുസ്കെർ (Herman der Cherusker). 1813-ൽ ലൈപ്സിഗ്ഗിൽ വെച്ച് നെപ്പോളിയൻ സൈന്യത്തെ പരാജയപ്പെടുത്തി ജർമ്മനിയെ ഒരിക്കൽ കൂടി വിദേശാധിപത്യത്തിൽ നിന്നു വിമോചിപ്പിച്ചതിൽ ദേശാഭിമാനം പൂണ്ട ജർമ്മൻ ജനത അക്കാലത്തു ജനിച്ച അനേകം കുട്ടികൾക്കു് 'ഹെർമൻ' എന്നു തന്നെയാണു് പേരിട്ടിരുന്നതു്.[1]

ബാല്യം

ഭക്തിപ്രസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും ഹെർമ്മന്റെ അമ്മ വളരെ അന്തർമുഖിയായിരുന്നു. തനിക്കു് ആത്മീയമായ പുനർജ്ജനനം ലഭിച്ചിട്ടുണ്ടോ എന്ന ഉത്കണ്ഠ അവരെ സദാ അലട്ടിയിരുന്നു. "നവ്യഹൃദയം തനിക്കു ലഭ്യമാക്കണേ" എന്നായിരുന്നു അവരുടെ നിരന്തരമായ പ്രാർത്ഥന. ഗുണ്ടർട്ടിന്റെ പിൽക്കാലജീവിതത്തിൽ ഇതിന്റെ അലയൊളികൾ ധാരാളം പ്രകടമായിക്കാണാം.
പിതാവിന്റെ പ്രവർത്തനമേഖലകളിലൂടെ, നന്നേ ചെറുപ്പത്തിൽ അദ്ദേഹത്തിനു കണ്ടുമുട്ടാൻ കഴിഞ്ഞ രണ്ടു വ്യക്തികളായിരുന്നു സ്റ്റെഫാൻ ഗ്രെല്ലെറ്റ് (1773-1837) എന്ന അമേരിക്കൻ കച്ചവടക്കാരനും യൊഹാൻ എവാൻഗെലിസ്ത ഗോസ്നർ (Johannes Evangelista Gossner, 1773-1858) എന്ന പ്രോട്ടസ്റ്റന്റ് മതപുരോഹിതനും. ഗ്രെല്ലെറ്റ് യൂറോപ്പിൽ മിഷണറി പ്രവർത്തങ്ങളിൽ വ്യാപൃതനായിരുന്നു. "വത്തിക്കാനും രാജകൊട്ടാരങ്ങളും മുതൽ ആതുരാലയങ്ങളും തടവറകളും വരെ ഗ്രെല്ലെറ്റിന്റെ വശ്യസൗമ്യമായ വ്യക്തിത്വത്തിനുമുമ്പിൽ കവാടങ്ങൾ തുറന്നുവെച്ചുകൊണ്ട് സ്വാഗതമരുളി" എന്നു് പിൽക്കാലത്ത് ഗുണ്ടർട്ട് എഴുതിയിട്ടുണ്ടു്. ഒരു മുൻ‌കത്തോലിക്കാ പുരോഹിതനായിരുന്ന ഗോസ്നറാകട്ടെ, അറുപതാം വയസ്സിൽ പ്രോട്ടസ്റ്റന്റ് വിശ്വാസം സ്വീകരിച്ച് ഒരു മിഷണറി സംഘവും രൂപീകരിച്ച് യൂറോപ്പിലാകമാനം ഊർജ്ജസ്വലമായി പ്രവർത്തനം നടത്തിക്കൊണ്ടിരുന്നു. ഗോസ്നറുടെ 'മാനുഷഹൃദയം' എന്ന ലഘുഗ്രന്ഥം മിഷണറികളിലൂടെ ലോകമെങ്ങും പ്രചരിച്ചിരുന്നു. ഗുണ്ടർട്ട് മലയാളത്തിലേക്കു തർജ്ജമചെയ്ത ഈ പുസ്തകവും ഗോസ്നറുടെ തന്നെ ലഘുജീവചരിത്രവും പിന്നീട് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
1816-ൽ തെക്കൻ ജർമ്മനി കടുത്ത ക്ഷാമത്തിൽ അകപ്പെട്ടു. ലുഡ്‌വിഗ് കുടുംബവും ഈ ക്ഷാമത്തിനു് ഇരയായിരുന്നു. പക്ഷേ, ഏറെത്താമസിയാതെ, 1817-ൽ ജെ.എച്ച്. എൻസ്ലിൻ (1778-1847) എന്ന സമ്പന്നൻ അദ്ദേഹത്തെ തന്റെ കച്ചവട്അസ്ഥാപനത്തിൽ ജോലിക്കെടുത്തു. അതോടൊപ്പം തന്നെ ബൈബിൾ പ്രവർത്തനങ്ങൾ തുടരുവാനും അദ്ദേഹം അനുമതി നൽകി. 1820-ൽ ലുഡ്‌വിഗ് സൊസൈറ്റിയുടെ മുഴുവൻ സമയ സെക്രട്ടറിയായി. സർക്കാർ സൗജന്യമായി നൽകിയിരുന്ന ഒരു കൊട്ടാരമായിരുന്നു ബൈബിൾ സൊസൈറ്റിയുടെ ഓഫീസ്. അവിടത്തെ പഴയ കുതിരലായം നിരവധി ബൈബിളുകളും മറ്റു ഗ്രന്ഥങ്ങളും നിറഞ്ഞുകിടന്ന ഒരു ലൈബ്രറിയായി മാറി. കൊച്ചുഹെർമന്റെ കളിസ്ഥലങ്ങൾ പിതാവിന്റെ ഓഫീസ് കെട്ടിടങ്ങളും ഒളിയിടങ്ങൾ ഈ ലൈബ്രറിയും ആയിരുന്നു.

വിദ്യാഭ്യാസം

1820- ഒക്ടോബറിൽ ഹെർമൻ തന്റെ മൂത്ത സഹോദരനോടൊപ്പം സ്റ്റുട്ട്ഗാർട്ടിലെ ലത്തീൻ സ്കൂളിൽ ചേർന്നു. മൂത്തയാൾക്കു് ഒറ്റയ്ക്കു പോവാൻ മടിയായതുകൊണ്ടായിരുന്നു കൂടെ, പ്രായം തികഞ്ഞിട്ടില്ലെങ്കിലും, ഹെർമനേയും അയച്ചിരുന്നതു്.
പതിമൂന്നാം വയസ്സിൽ, രണ്ടാം ഘട്ട അഭ്യസനത്തിനായി ഹെർമൻ സ്റ്റുട്ഗാർട്ടിനും കാൾസ്രൂഹിനും ഇടയ്ക്കുള്ള മൗൾബ്രോൺ (Maulbronn) എന്ന സ്ഥലത്തെ പുരാതനപ്രശസ്തമായ വിദ്യാലയത്തിൽ എത്തപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒരു സന്യാസമന്ദിരമായി തുടങ്ങിവെച്ച് പിന്നീട് ഒരു പൊതുവിദ്യാഭ്യാസസ്ഥാപനമായി മാറിയിരുന്ന ഈ സ്കൂളിൽ ജോഹന്നാസ് കെപ്ലർ തുടങ്ങിയ പല പ്രഗത്ഭമതികളും പഠിച്ചുപോയ ചരിത്രമുണ്ടായിരുന്നു.
ഹെർമൻ സ്കൂൾ പഠനത്തിൽ വളരെയൊന്നും മുമ്പനായിരുന്നില്ല. ഹീബ്രു, ലത്തീൻ, ഗ്രീക്ക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ചരിത്രം, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവയെല്ലാം പഠിക്കാനുണ്ടായിരുന്നെങ്കിലും ഹെർമനു് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങൾ ചരിത്രവും ഭൂമിശാസ്ത്രവും ഗണിതശാസ്ത്രവുമായിരുന്നു. പക്ഷേ, അതിനേക്കാളൊക്കെ അവനു് ആഭിമുഖ്യം, രാഗങ്ങളും വാദ്യങ്ങളും ദേവാലയസംഗീതവും പരിശീലിപ്പിക്കാൻ വിപുലമായ സജ്ജീകരണങ്ങളുള്ള ആ സ്കൂളിലെ ഓർഗാനിലും പിയാനോവിലും വയലിനിലും ആയിരുന്നു.
ഗ്രീക്ക്, ലത്തീൻ ക്ലാസ്സിക് കവികളുടേയും ജെർമ്മനിൽ ഗെയ്ഥേയുടേയും കൃതികൾ വായിക്കാനും പകർത്തിയെടുക്കാനും ഗുണ്ടർട്ട് അത്യധികം ഉത്സുകനായിരുന്നു. 16-ആം വയസ്സിൽ സ്കൂളിൽ വെച്ച് ഹെർമൻ തയ്യാറാക്കിയ ഒരു പ്രഭാഷണം കയ്യെഴുത്തായി ഇപ്പോൾ സ്റ്റുട്ട്ഗാർട്ടിൽ സൂക്ഷിച്ചിട്റ്റുണ്ടു്. മൗൾബ്രോൺ സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ അദ്ദേഹത്തിനു സ്വായത്തമായതായിരിക്കണം പിൽക്കാലത്തു് മലയാളചരിത്രപഠനത്തിൽ നിഴലിച്ച അദ്ദേഹത്തിന്റെ വിശകലനവൈഭവം എന്നു് അനുമാനിക്കാൻ ഈ ലേഖനത്തിന്റെ അർത്ഥപുഷ്ടിമയും പ്രതിഭയും തെളിവുകളാണു്.
മൗൾബ്രോണിലെ വിദ്യാഭ്യാസം കാര്യക്ഷമമായിരുന്നെങ്കിലും അവിടത്തെ കർക്കശമായ അച്ചടക്കം ഗുണ്ടർട്ടിനു് അസഹ്യമായിത്തോന്നി. അക്കാലത്തു് ജെർമനിയിൽ വിപ്ലവചിന്തകൾക്കു് വ്യാപകമായ പ്രചാരണം ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയൽഗ്രാമമായ ഫയിഹിംഗനിൽ (Vaihingen) നിന്നു് ഗ്രെൻസ് ബോട്ടൻ (Grenzbotten = അതിർത്തിദൂതൻ) എന്നൊരു ആനുകാലികത്തിൽ അദ്ദേഹം രാഷ്ട്രീയലേഖനങ്ങൾ എഴുതാൻ തുടങ്ങി. ഇതു് മാതാപിതാക്കൾക്കു് തീരെ അനിഷ്ടകരമായിരുന്നു. എന്തായാലും 1831 ജനുവരിയിൽ തുടങ്ങിയ പ്രസിദ്ധീകരണം ഏതാനും മാസങ്ങൾക്കുള്ളിൽ നിരോധിക്കപ്പെടുകയും കണ്ടുകെട്ടുകയും ചെയ്തു.
സ്റ്റുട്ട്ഗാർട്ടിലേക്ക്ക്കു മടങ്ങിപ്പോകാൻ ഗുണ്ടർട്ട് ആഗ്രഹിച്ചു. പക്ഷേ മാതാപിതാക്കൾക്കു് അതു സമ്മതമായിരുന്നില്ല. ആയിടെയാണു് ഗുണ്ടർട്ടിന്റെ യഥാർത്ഥ ആചാര്യനായിത്തീർന്ന ഡേവിഡ് ഫ്രീഡറിക് സ്റ്റ്രൗസ് (David Friedrich Strausss, 1808-1874) അവിടെ അദ്ധ്യാപകനായി എത്തിപ്പെട്ടതു്. സ്ട്രൗസ്സ്, മൗൾബ്രോണിലും പിന്നീട് ട്യൂബിങ്ങൻ സർവ്വകലാശാലയിലും ഗുണ്ടർട്ടിനു് ഏറ്റവും പ്രിയങ്കരനായ ഗുരുഭൂതനായിത്തീർന്നു.

ഗുണ്ടർട്ടിന്റെ സംഭാവനകൾ

തലശ്ശേരിയിലെ സ്റ്റേഡിയത്തിനു സമീപമുള്ള ഗുണ്ടർട്ട്സ്മാരക പ്രതിമ
ഒരു സാധാരണ പാതിരിയായി പ്രവർത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അവിസ്മരണീയനായത്. 1868-ൽ എഴുതിയ മലയാളം വ്യാകരണം , 1872-ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിൿഷണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിൾ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടർട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിൽ രാജ്യസമാചാരം മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രവും ആനുകാലികവുമായി വിലയിരുത്തപ്പെടുന്നു. രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചതു്. തലശേരിയിൽ ഗുണ്ടർട്ടിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത ജർമ്മൻ നോവലെഴുത്തുകാരനും നോബൽ സമ്മാനിതനുമായ ഹെർമ്മൻ ഹെസ്സെ ഗുണ്ടർട്ടിന്റെ ചെറുമകനായിരുന്നു. 1859ൽ രോഗബാധിതനായി ജർമ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രിൽ 25-ന് അദ്ദേഹം അന്തരിച്ചു.

കൃതികൾ

ഭാഷാശാസ്ത്രം

ഹെർമൻഗുണ്ടർട്ട്(1832)
  • മലയാളം-ഇംഗ്ലിഷ് നിഘണ്ടു, മംഗലാപുരം, 1872
  • മലയാള ഭാഷാവ്യാകരണം, മംഗലാപുരം, 1868
  • ത്രിഭാഷാ നിഘണ്ടു (ഇംഗ്ലീഷ്‌-ഹിന്ദി-മലയാളം)
  • ജർമ്മൻ-മലയാള നിഘണ്ടു
  • ഗുണ്ടർട്ട്‌ നിഘണ്ടു

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS