“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, February 12, 2014

ചാൾസ് ഡാർവിൻ

ചാൾസ് ഡാർവിൻ
(ഫെബ്രുവരി 12, 1809 - ഏപ്രിൽ 19, 1882)


ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ . 
ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു.[2]
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 16ആം സ്ഥാനം ഡാർവിനാണ്.
പ്രകൃതിചരിത്രത്തിൽ ഡാർവിന് താത്പര്യം ജനിച്ചത് എഡിൻബറോ സർവകലാശാലയിൽ വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജിൽ ദൈവശാസ്ത്രവും പഠിക്കുമ്പോഴാണ്. ബീഗിൾ എന്ന കപ്പലിലെ അഞ്ചുവർഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാർവിന്റെ പ്രാഗല്ഭ്യം തെളിയിച്ചു. പ്രകൃതിപ്രക്രിയകൾ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വർത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാൾസ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാർവിന്റെ കണ്ടുപിടിത്തങ്ങൾ. ബീഗിളിലെ യാത്രക്കിടെ എഴുതിയ കുറിപ്പുകളുടെ പ്രസിദ്ധീകരണം ഡാർവിനെ ഒരെഴുത്തുകാരനെന്ന നിലയിൽ ജനസമ്മതനാക്കി. ദീർഘമായ ഈ യാത്രയിൽ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ജീവാശ്മങ്ങളുടേയും(fossils) ഭൂമിശാസ്ത്രപരമായ വിതരണം(geographic distribution) ഉണർത്തിയ കൗതുകം, ജീവജാലങ്ങളുടെ വർഗപരിവർത്തനത്തെക്കുറിച്ചന്വേഷിക്കാൻ ഡാർവിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിർദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്. തന്റെ ആശയങ്ങൾ അദ്ദേഹം പല പ്രകൃതിശാസ്ത്രജ്ഞന്മാരുമായും ചർച്ച ചെയ്തിരുന്നു. പക്ഷേ, വിശദമായ ഗവേഷണത്തിന് കൂടുതൽ സമയം വേണ്ടിയിരുന്നതിനാലും ഭൗമശാസ്ത്ര പഠനങ്ങൾക്ക് കല്പിച്ച മുൻഗണന മൂലവും, പ്രകൃതിനിർദ്ധാരണസംബന്ധിയായ ഡാർവിന്റെ സിദ്ധാന്തങ്ങളുടെ പ്രസിദ്ധീകരണം വൈകി. എന്നാൽ 1858-ൽ ഡാർവിൻ തന്റെ സിദ്ധാന്തം എഴുതിക്കൊണ്ടിരിക്കുമ്പോൾ, ആൽഫ്രഡ് റസ്സൽ വാലേസ്, അതേ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധം അദ്ദേഹത്തിന് അയച്ചുകൊടുത്തത്, ഉടൻ രണ്ടു സിദ്ധാന്തങ്ങളുടെയും ഒരുമിച്ചുള്ള പ്രസിദ്ധീകരണത്തിന് കാരണമായി.
1859-ൽ, ഡാർവിന്റെ ജീവിവർഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തിൽ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിർദ്ധാരണവും എന്ന കൃതിയിൽ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങൾ എന്ന കൃതിയാണ് തുടർന്നു പ്രസിദ്ധീകരിച്ചത്. സസ്യങ്ങളെ സംബന്ധിച്ച് ഡാർവിൻ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ പുസ്തകപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. ഡാർവിന്റെ അവസാന ഗ്രന്ഥം മണ്ണിരകളെക്കുറിച്ചും മണ്ണിന്റെ രൂപവത്കരണത്തിൽ അവക്കുള്ള പങ്കിനെക്കുറിച്ചുമായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരിൽ ഔദ്യോഗികശവസംസ്കാരം നൽകി ബഹുമാനിക്കപ്പെട്ട അഞ്ചു പേരിൽ ഒരാളായിരുന്നു ഡാർവിൻ എന്നത് അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ജോൺ ഹെർഷലിനും ഐസക് ന്യൂട്ടണും സമീപത്തായാണ് അദ്ദേഹത്തെ സംസ്കരിച്ചത്.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS