ദേശീയ അദ്ധ്യാപകദിനം
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു
ഡോ. എസ്. രാധാകൃഷ്ണൻ എന്ന
സർവേപള്ളി രാധാകൃഷ്ണൻ
. ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു.ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദർശനമാണ്... വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു.ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപ്പിച്ചു.ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മദ്രാസിന്(ഇപ്പോൾ ചെന്നൈ) 64 കിലോമീറ്റർ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്. തെലുങ്കായിരുന്നു മാതൃഭാഷ. സർവേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു മാതാപിതാക്കൾ. ആറു മക്കളായിരുന്നു ഈ ദമ്പതികൾക്കുണ്ടായിരുന്നത്. ഒരു പെൺകുട്ടിയും അഞ്ച് ആൺകുട്ടികളും. തിരുത്തണി, തിരുവള്ളൂർ,തിരുപ്പതി എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. ഒരു ജമീന്ദാരുടെ കാര്യസ്ഥനായിരുന്നു വീരസ്വാമി.
തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബപശ്ചാത്തലം എങ്കിലും പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ ലഭിച്ച സ്കോളർഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി . 1896 ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെർമാൻസ്ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂളിൽ ചേർന്നു. ഉപരിപഠനത്തിനായി വെല്ലൂർ വൂർസ് കോളേജിൽ ചേർന്നുവെങ്കിലും പിന്നീട് അവിടെ നിന്നും മദ്രാസ് ക്രിസ്ത്യൻ കോളേജിലേക്കു മാറി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിലോസഫി ഐഛികവിഷയമായെടുത്ത് ബി.എ ജയിച്ചു. ബിരുദാനന്തരബിരുദത്തിനു അതേ വിഷയം തന്നെയാണ് തിരഞ്ഞെടുത്തത്. മദ്രാസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഉയർന്ന മാർക്കുകൾ ഉണ്ടായിരുന്നിട്ടും ഓക്സ്ഫഡ് സർവ്വകലാശാലയിൽ പഠിക്കുവാനുള്ള തന്റെ ആഗ്രഹം കുടുംബത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ബലികഴിക്കുകയായിരുന്നു. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവൻ ബാദ്ധ്യതയും രാധാകൃഷ്ണന്റെ ചുമലിലായിരുന്നു.
രാധാകൃഷ്ണൻ തന്റെ പതിനാറാമത്തെ വയസ്സിൽ അകന്ന ബന്ധുകൂടിയായ ശിവകാമു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. അഞ്ചു പെൺകുട്ടികളും, ഒരാൺകുട്ടിയുമുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. 1956 ൽ രാധാകൃഷ്ണന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ ഏക മകൻ സർവേപ്പള്ളി ഗോപാൽ അറിയപ്പെടുന്നൊരു ചരിത്രകാരൻ കൂടിയാണ്.
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.
No comments:
Post a Comment