“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Sunday, September 16, 2018

Ozone Day

ലോക ഓസോൺ ദിനം Ozone Day
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളി യാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ.ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.
 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഘല സ്ഥാപിക്കുകയുണ്ടായി. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു.എല്ലാവർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. 
         സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു---UV-A, UV-B, UV-C എന്നിങ്ങനെ. UV-A എന്നതു് 315 മുതൽ 400 നാനോമീറ്റർ (nanometre, nm) വരെ തരംഗദൈർഘ്യമുള്ള ഭാഗമാണു്. UV-B എന്നതു് 280 nm മുതൽ 315 nm വരെയും UV-C എന്നതു് 100 nm മുതൽ 280 nm വരെയുമാണു്. ഇവയിൽ UV-C ഓക്സിജൻ തന്മാത്രകളിൽ പതിക്കുമ്പോൾ അവ വിഘടിച്ചു് രണ്ടു് ഓക്സിജൻ പരമാണുക്കളായി വേർതിരിയാൻ ഇടയാക്കുന്നു. എന്നാൽ വായുവിൽ മിക്ക മൂലകങ്ങളുടെയും പരമാണുവിനു് ഒറ്റയ്ക്കു് നിലനിൽക്കാനാവില്ല. ഓക്സിജന്റെ കാര്യത്തിൽ അതു് മറ്റൊരു തന്മാത്രയുമായി കൂടിച്ചേർന്നു് ഓസോൺ തന്മാത്ര ഉണ്ടാവുകയാണു് ചെയ്യുന്നതു്. ഈ പ്രക്രിയ കണ്ടുപിടിച്ചതു് സിഡ്നി ചാപ്മാൻ (Sydney Chapman, 1888-1970) എന്ന ഗണിതജ്ഞനാണു്.
       ഭൂമിയുടെ ഉപരിതലത്തിനു സമീപം മറ്റു രീതികളിലും ഓസോൺ ഉണ്ടാകുന്നുണ്ടു്. മിന്നലാണു് അതിനു് ഹേതുവാകുന്ന ഒരു കാര്യം. മിന്നൽ എന്നതു് വൈദ്യുത സ്പാർക്കാണല്ലോ. അതുപോലെ മറ്റു വൈദ്യുത സ്പാർക്കുകളും ഓസോൺ ഉല്പാദിപ്പിക്കുന്നുണ്ടു്. വൈദ്യുത മോട്ടോറുകളാണു് ഒരു ഉദാഹരണം. ലിഫ്റ്റുകളിലും മറ്റും ഉപയോഗിക്കുന്ന വലിയ മോട്ടോറുകൾ കൂടുതൽ ഓസോൺ ഉല്പാദിപ്പിക്കുന്നു. മോട്ടോറുകളെ കൂടാതെ ഓസോൺ ഉല്പാദിപ്പിക്കുന്ന യന്ത്രങ്ങളാണു് ഫോട്ടോകോപ്പിയറുകൾ, ടെലിവിഷൻ സെറ്റുകൾ, ലേസർ പ്രിന്ററുകൾ, തുടങ്ങി പ്രവർത്തനത്തിനു് ഉയർന്ന വോൾട്ടേജ് ഉപയോഗിക്കുന്നവ. ഓസോൺ കണ്ടുപിടിച്ചതുതന്നെ ഒരു വൈദ്യുതയന്ത്രത്തിൽ നിന്നാണല്ലോ.
                   ഇതുകൂടാതെ, മനുഷ്യരുടെ മറ്റു ചില പ്രവൃത്തികളും ഓസോൺ ഉണ്ടാവാൻ കാരണമാകുന്നുണ്ടു്. നൈട്രജന്റെ ഓക്സൈഡുകൾ, കാർബൺ മോണോക്സൈഡ്, മീഥേൻ പോലത്തെ എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന ചില ജൈവരാസവസ്തുക്കൾ എന്നിവ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ പ്രതിപ്രവർത്തിക്കുമ്പോഴാണു് ഓസോണുണ്ടാകുന്നതു്. പ്രധാനമായി നഗരപ്രദേശങ്ങളിലാണു് ഇത്തരം രാസവസ്തുക്കൾ ഉണ്ടാകുന്നതു്. എങ്കിലും കിലോമീറ്ററുകൾ ദൂരെ വരെ ഇവ എത്തിച്ചേരാറുണ്ടു്. ഇങ്ങനെയുണ്ടാകുന്ന ഓസോൺ "ഫോട്ടോക്കെമിക്കൽ സ്മോഗ്" (photochemical smog) എന്ന പേരിലറിയപ്പെടുന്ന വായുമലിനീകരണത്തിനു് കാരണമാകാറുണ്ടു്. ഓസോൺ ഒരു ഹരിതഗൃഹവാതകവുമാണു്. കൂടുതൽ ഓസോൺ അടങ്ങിയ വായു ശ്വസിക്കുന്നതു് ശ്വാസകോശരോഗങ്ങൾക്കു് കാരണമാകാം. ആസ്ത്മ ഉള്ളവർക്കു് അതു് അധികരിക്കാൻ സാദ്ധ്യതയുണ്ടു്. രക്തധമനികൾക്കും ഹൃദയത്തിനുപോലും പ്രശ്നങ്ങളുണ്ടാകാൻ ഇതു് കാരണമാകാമത്രെ.
ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്. നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ്(N2O), ഹൈഡ്രോക്സിൽ(OH), അറ്റോമിക ക്ലോറിൻ(Cl), ബ്രോമിൻ(Br) എന്നിവ ഓസോൺ പാളിയുടെ നാശനത്തിനു കാരണമാകുന്നു. മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്.[3] അടുത്തായി ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ ഇനത്തിൽ വരുന്ന വസ്തുക്കളും ഓസോൺ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS