“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, November 25, 2015

അര്‍ബുദ ഭീഷണിയില്‍ കേരളത്തിലെ തോട്ടം മേഖല: സംശയ നിഴലില്‍ മോണ്‍സാന്റോയുടെ റൗണ്ടപ്പ്‌

  പരിസര പഠനം

അര്‍ബുദ ഭീഷണിയില്‍ കേരളത്തിലെ തോട്ടം മേഖല: സംശയ നിഴലില്‍ മോണ്‍സാന്റോയുടെ റൗണ്ടപ്പ്‌. തുടർന്നു വായിക്കുക..... 

Jose Joseph's picture ഡോ .ജോസ് ജോസഫ് .
  • കാര്‍ഷിക ശാസ്ത്രജ്ഞന്‍. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍, കോളജ് ഓഫ് ഹോര്‍ട്ടി കള്‍ച്ചര്‍ എന്നിവയുടെ മേധാവി

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കളനാശിനിയാണ് ആഗോള ബയോടെക് കമ്പനിയായ മൊണ്‍സാന്റോ കോര്‍പ്പറേഷന് കുത്തകാവകാശമുള്ള റൗണ്ടപ്പ്. റൗണ്ടപ്പില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന രാസവസ്തു മനുഷ്യരില്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന കണ്ടെത്തല്‍ മോണ്‍സാന്റോയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഔദ്യോഗിക കാന്‍സര്‍ ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് (ഐഎസിആര്‍) ആണ് റൗണ്ടപ്പ് കളനാശിനിയെ മനുഷ്യരിലെ അര്‍ബുദബാധയുമായി ബന്ധപ്പെടുത്തുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
റൗണ്ടപ്പ് കളനാശിനി മനുഷ്യരില്‍ നോണ്‍ഹോഡ്കിന്‍സ് നിംഫോമ എന്ന ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഐഎസിആറിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മാര്‍ച്ചില്‍ 'ദ ലാന്‍സെറ്റ് ഓങ്കോളജി' എന്ന ശാസ്ത്രമാസിക ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. മുമ്പും മൊണ്‍സാന്റോയുടെ റൗണ്ടപ്പിനും ഗ്ലൈഫോസേറ്റിനും എതിരെ പല ഗവേഷണ റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഒരു ഔദ്യോഗിക ഗവേഷണ ഏജന്‍സി കാന്‍സറും റൗണ്ടപ്പുമായി ബന്ധപ്പെടുത്തി സ്ഥിരീകരണം നല്‍കുന്നത് ഇതാദ്യമായാണ്. ലോകാരോഗ്യ സംഘടനയുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്ലൈഫോസേറ്റ് നിരോധിക്കണമെന്ന ആവശ്യവുമായി സന്നദ്ധസംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

ഐഎസിആറിന്റെ കീഴില്‍ 11 രാജ്യങ്ങളില്‍ നിന്നുള്ള കാന്‍സര്‍ വിദഗ്ധര്‍ അമേരിക്ക, സ്വീഡന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ മനുഷ്യരില്‍ നടത്തിയ പഠനങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഗ്ലൈഫോസേറ്റ് കാന്‍സറിന് കാരണമായേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്. കീടനാശിനികളുടെ അപായസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള ലോകാരോഗ്യ സംഘടനയുടെ തരംതിരിവില്‍ രണ്ട്- എ വിഭാഗത്തില്‍ ഗ്ലൈഫോസേറ്റിനെ ഉള്‍പ്പെടുത്താനാണ് വിദഗ്ധരുടെ ശുപാര്‍ശ. മനുഷ്യരില്‍ ഗ്ലൈഫോസേറ്റ് കാന്‍സറുണ്ടാക്കുമെന്നതിന് പരിമിതമായ തെളിവുകളാണുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ പരീക്ഷണശാലയില്‍ പരീക്ഷണമൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ തരംതിരിവ് അനുസരിച്ച് കാറ്റഗറി ഒന്നില്‍ വരുന്ന കീടനാശിനികള്‍ നിശ്ചയമായും കാന്‍സറുണ്ടാക്കുന്നവയും കാറ്റഗറി രണ്ടിലെ കീടനാശിനികള്‍ കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യതമുള്ളവയുമാണ്.
മുമ്പെന്നത്തേതുമെന്നതുപോലെ ലോകാരോഗ്യ സംഘടനയുടെ ഈ പഠനവും തെറ്റാണെന്നാണ് മൊണ്‍സാന്റോയുടെ വാദം. ശരിയായ വിശകലനത്തിന്റെ അടിസ്ഥാനത്തിലല്ല ഈ കണ്ടെത്തല്‍. ആയിരക്കണക്കിന് പഠനങ്ങള്‍ ഗ്ലൈഫോസേറ്റ് അപകടകാരിയല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മൊണ്‍സാന്റോ പറയുന്നു. കാപ്പി, സെല്‍ഫോണ്‍, അച്ചാര്‍, കറ്റാര്‍വാഴയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ എന്നിവയൊക്കെ കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതുപോലെ മാത്രമേ ഗ്ലൈഫോസേറ്റില്‍ നിന്നും കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. കാറ്റഗറി രണ്ടില്‍പെടുന്ന രാസകീടനാശിനികള്‍ അത്രകണ്ട് അപകടകാരികളല്ലെന്നും കമ്പനി വാദിക്കുന്നു. എന്നാല്‍ ഗ്ലൈഫോസേറ്റ് മാരകമായ ഒരു കളനാശിനിയാണെന്നും ലോകാരോഗ്യ സംഘടനയുടേത് ഒറ്റപ്പെട്ട പഠനമല്ലെന്നും പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 1985 ല്‍ തന്നെ അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി ഗ്ലൈഫോസേറ്റ് കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള കളനാശിനിയാണെന്ന് വിജ്ഞാപനം ചെയ്തിരുന്നു. എന്നാല്‍ മൊണ്‍സാന്റോയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിജ്ഞാപനം പിന്‍വലിക്കുകയായിരുന്നു.
ഫ്രഞ്ച് പത്രപ്രവര്‍ത്തകയായ മേരി മോണിക് റോബിന്‍ എഴുതിയ 'ദി വേള്‍ഡ് അക്കോര്‍ഡിംഗ് ടു മൊണ്‍സാന്റോ' എന്ന വിഖ്യാത പുസ്തകം ഗ്ലൈഫോസേറ്റിന്റെ അപായ സാധ്യതകളെ മറച്ചുവെക്കാന്‍ മൊണ്‍സാന്റോ നടത്തിയിരുന്ന ഹീനശ്രമങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. മൊണ്‍സാന്റോ വികസിപ്പിച്ചെടുത്ത 2, 4, 5  ടി എന്ന കളനാശിനിയും 2, 4 ഡി എന്ന മറ്റൊരു കളനാശിനിയും കലര്‍ത്തിയുണ്ടാക്കുന്ന 'ഓറഞ്ച് ഏജന്റ്' വിയറ്റ്‌നാമില്‍ രാസയുദ്ധത്തിന് വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. മൊണ്‍സാന്റോ ഉല്‍പാദിപ്പിച്ച് നല്‍കിയ ഏജന്റ് ഓറഞ്ചില്‍ ഡയോക്‌സിന്‍ എന്ന മാരക രാസവസ്തുവിന്റെ അംശം വളരെ കൂടുതലായിരുന്നു. ഓറഞ്ച് ഏജന്റ് തളിച്ച പ്രദേശങ്ങളിലെ മാതാപിതാക്കള്‍ക്ക് ജനിച്ച അഞ്ചുലക്ഷം കുട്ടികളെയാണ് വിയറ്റ്‌നാമില്‍ ജനിതക വൈകല്യങ്ങള്‍ ബാധിച്ചത്. ഓറഞ്ച് ഏജന്റ് വിവാദത്തിലായതോടെയാണ് റൗണ്ടപ്പ് എന്ന പുതിയ കളനാശിനിയുമായി മൊണ്‍സാന്റോ രംഗത്തെത്തുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഗ്ലൈഫോസേറ്റിന്റെ കളനാശിനി എന്ന നിലയിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തിയത് മൊണ്‍സാന്റോയാണ്. ഗ്ലൈഫോസേറ്റ് എന്ന രാസവസ്തുവിന്റെ വ്യാവസായിക നാമമാണ് റൗണ്ടപ്പ്. ഈ കളനാശിനിയുടെ വില്‍പ്പനയാണ് ഒരു ആഗോള ബയോടെക് കമ്പനി എന്ന പേരിലേക്കുള്ള മൊണ്‍സാന്റോയുടെ പരിണാമത്തിന്റെ തുടക്കം.
1970ല്‍ കളനാശിനിയായി വിപണനം ആരംഭിച്ച റൗണ്ടപ്പ് 115 രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ റൗണ്ടപ്പ് മൊണ്‍സാന്റോയുടെ ഏറ്റവും ലാഭകരമായ രാസഉല്‍പന്നമായി മാറി. എലികള്‍ ഉപ്പുവിഴുങ്ങിയാലുണ്ടാകുന്നതിലും കുറച്ച് അപകടമേ മനുഷ്യര്‍ ഗ്ലൈഫോസേറ്റ് കുടിച്ചാല്‍ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു ഈ മാരക കളനാശിനിക്ക് മൊണ്‍സാന്റോ ആദ്യം നല്‍കിയ പരസ്യം. ജൈവികമായി വിഘടിക്കുന്ന ലോകത്തിലെ ആദ്യത്തെ കളനാശിനിയെന്നും റൗണ്ടപ്പിനെ മൊണ്‍സാന്റോ വിശേഷിപ്പിച്ചു. 1996ല്‍ മൊണ്‍സാന്റോയുടെ ഈ വ്യാജ പരസ്യത്തിനെതിരെ ന്യൂയോര്‍ക്കിലെ കണ്‍സ്യൂമര്‍ ഫ്രോഡ്‌സ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ബ്യൂറോക്ക് മുമ്പാകെ പരാതി ഫയല്‍ ചെയ്യപ്പെട്ടു. റൗണ്ടപ്പിന്റെ ഇല്ലാത്ത സുരക്ഷിതത്വത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പരസ്യമാണ് കമ്പനിയുടേതെന്നായിരുന്നു അറ്റോര്‍ണിയുടെ കണ്ടെത്തല്‍. 2007ല്‍ ഒരു ഫ്രഞ്ച് കോടതി സമാനമായ മറ്റൊരു വ്യാജപരസ്യത്തിന്റെ പേരില്‍ 15000 യൂറോ മൊണ്‍സാന്റോയുടെ മേല്‍ പിഴ ചുമത്തി. ജൈവപരമായി വിഘടിക്കില്ലെന്നും മാത്രമല്ല മണ്ണിലും ജലസ്രോതസ്സുകളിലും ദീര്‍ഘകാലം റൗണ്ടപ്പ് അവശേഷിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ മൊണ്‍സാന്റോക്ക് നിര്‍ണായക സ്വാധീനമുള്ള അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി റൗണ്ടപ്പിനെതിരെയുളള എല്ലാ നിഗമനങ്ങളെയും നിരന്തരം തള്ളിക്കൊണ്ടിരിക്കുകയാണ്. ഈ കളനാശിനി തീര്‍ത്തും അപകടരഹിതമാണെന്നാണ് ഏജന്‍സിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം. ആണ്ടില്‍ രണ്ടുതവണ റൗണ്ടപ്പ് സ്പര്‍ശനമേല്‍ക്കുന്ന പുരുഷന്മാര്‍ക്ക് ഒരിക്കലും റൗണ്ടപ്പ് സ്പര്‍ശനമേല്‍ക്കാത്ത പുരുഷന്മാരെ അപേക്ഷിച്ച് നോണ്‍ ഹോഡ്കിന്‍സ് നിംഫോമ എന്ന കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് 2001ല്‍ തന്നെ കാനഡയിലെ സസ്‌കാത്‌പെഡാന്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
റൗണ്ടപ്പിന്റെ പേറ്റന്റ് കാലാവധി കഴിയാറായതോടെ മൊണ്‍സാന്റോ റൗണ്ടപ്പിനെ ജൈവസാങ്കേതിക വിദ്യയുമായി ബന്ധിപ്പിച്ചു. ആഗോളവിപണിയില്‍ ഏറ്റവുംധികം വിറ്റഴിക്കപ്പെടുന്ന കളനാശിനി എന്ന റൗണ്ടപ്പിന്റെ സ്ഥാനം നിലനിര്‍ത്തുന്നതോടൊപ്പം കാര്‍ഷിക ബയോടെക്‌നോളജിയിലും ആധിപത്യം നേടിയെടുക്കുക എന്നതായിരുന്നു മൊണ്‍സാന്റോയുടെ തന്ത്രം. ഇതിന്റെ ഭാഗമായി വിളകളില്‍ റൗണ്ടപ്പ് കളനാശിനിയോട് പ്രതിരോധശേഷിയുള്ള ജീനുകള്‍ കടത്തി റൗണ്ടപ്പ് റെഡി വിത്തിനങ്ങള്‍ മൊണ്‍സാന്റോ വികസിപ്പിച്ചെടുത്തു. വിളകള്‍ക്ക് കേടുപറ്റാതെ വളര്‍ച്ചയുടെ ഏതുഘട്ടത്തിലും റൗണ്ടപ്പ് തളിക്കാമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ മേന്മ. ചുറ്റുപാടുമുള്ള കളകള്‍ ഉണങ്ങിക്കരിയുമ്പോള്‍ റൗണ്ടപ്പിനോട് പ്രതിരോധശേഷിയുള്ള വിളകള്‍ ഒരു കേടുമില്ലാതെ തഴച്ചുവളരും. പേറ്റന്റ് കാലാവധി കഴിഞ്ഞെങ്കിലും റൗണ്ടപ്പ് റെഡി ജി എം വിത്തുകളും റൗണ്ടപ്പ് കളനാശിനിയും സംയോജിപ്പിച്ചുകൊണ്ടുള്ള വിപണന തന്ത്രത്തിലൂടെ മൊണ്‍സാന്റോ ആത്യന്തികമായി റൗണ്ടപ്പ് കളനാശിനിക്ക് മേലുണ്ടായിരുന്ന കുത്തക നിലനിര്‍ത്തി.
ഇന്ന് മൊണ്‍സാന്റോയുടെ ആഗോള വരുമാനത്തിന്റെ പകുതിയിലേറെയും റൗണ്ടപ്പിന്റെയും റൗണ്ടപ്പ് റെഡി വിത്തിന്റെയും വില്‍പനയില്‍ നിന്നാണ്. അമേരിക്കയിലുള്ള സോയാബീന്‍ കൃഷിയുടെ 94 ശതമാനവും മക്കച്ചോളത്തിന്റെ 89 ശതമാനവും റൗണ്ടപ്പ് റെഡി വിത്തുകളാണ്. ജനിതകമായി പരിവര്‍ത്തനം ചെയ്ത റൗണ്ടപ്പ് റെഡി വിത്തുകളുടെ കൃഷി അമേരിക്കന്‍ ഐക്യനാടുകളിലും ലാറ്റിന്‍ അമേരിക്കയിലും വ്യാപകമായതോടെ റൗണ്ടപ്പ് റെഡി വിത്തുകള്‍ വിപണിയിലെത്തിയ 1996ന് ശേഷം റൗണ്ടപ്പ് കളനാശിനിയുടെ വില്‍പ്പന 1000 ശതമാനം വര്‍ധിച്ചു. ഇതോടെ ഉപരിതല ജലത്തിലും മണ്ണിലും വായുവിലും മനുഷ്യരുടേയും മൃഗങ്ങളുടേയും ശരീരത്തിലുമെല്ലാം ഗ്ലൈഫോസേറ്റ് അടിഞ്ഞുകൂടി. സമുദ്രജലത്തിലും മനുഷ്യരുടെ മൂത്രത്തിലുമെല്ലാം ഈ കളനാശിനി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ 2013-14 ല്‍ 208.89 കോടി രൂപയായിരുന്നു ഈ കീടനാശിനിയില്‍ നിന്നുള്ള വിറ്റുവരവ്. സുരക്ഷിത കളനാശിനി എന്ന പേരില്‍ ഓരോ വര്‍ഷവും ഈ കളനാശിനിയുടെ വില്‍പന ഇന്ത്യയില്‍ വര്‍ധിച്ച് വരികയാണ്. 2012-13ല്‍ 139.03 കോടിക്കായിരുന്നു ഇന്ത്യയില്‍ റൗണ്ടപ്പിന്റെ വില്‍പന. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വളരെ ഊര്‍ജിതമായ പ്രചാരണ പരിപാടികളാണ് ഈ കളനാശിനിയെ പ്രോത്സാഹിപ്പിക്കാന്‍ കമ്പനി സ്വീകരിച്ചിരിക്കുന്നത്. ജൈവ കാര്‍ഷികനയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2011ല്‍ സംസ്ഥാനത്ത് കടംചുവപ്പും മഞ്ഞയും നിറങ്ങളിലുളള മാരകങ്ങളായ ഏതാനും കീടനാശിനികളും കളനാശിനികളും നിരോധിച്ചിരുന്നു. സുരക്ഷിതമെന്ന പേരില്‍ പകരം ശുപാര്‍ശ ചെയ്യപ്പെട്ട കളനാശിനികളിലൊന്നാണ് നീല ലേബലിലുള്ള ഗ്ലൈഫോസേറ്റ്. കേരളത്തിലെ തോട്ടം മേഖലയില്‍ ഈ കളനാശിനിയുടെ ഉപയോഗം വ്യാപകമാണ്. എന്നാല്‍ പ്രചരിക്കപ്പെടുന്നതുപോലെ അത്ര സുരക്ഷിതമല്ല ഈ കളനാശിനി എന്ന് ലോകാരോഗ്യസംഘടനയുടെ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം അജ്ഞാത കാരണങ്ങളാലുണ്ടാകുന്ന മാരകമായ വൃക്കരോഗത്തിനു പിന്നില്‍ ഗ്ലൈഫോസേറ്റ് കളനാശിനിയാണെന്ന സംശയത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഈ കളനാശിനിയെ നിരോധിച്ചിരുന്നു. ശ്രീലങ്കയില്‍ 20,000ല്‍ അധികം പേരാണ് ഈ രോഗം കാരണം മരിച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശ്രീലങ്ക ഗ്ലൈഫോസേറ്റ് നിരോധനം പിന്‍വലിച്ചു. ഇന്ത്യയില്‍ ആന്ധ്രാപ്രദേശിലും ഗ്ലൈഫോസേറ്റ് തളിക്കുന്ന പ്രദേശങ്ങളില്‍ മാരകമായ വൃക്കരോഗം വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജന്റീനയില്‍ റൗണ്ടപ്പ് റെഡി സോയബീന്‍ കൃഷിചെയ്യുന്നതിന് ഗ്ലൈഫോസേറ്റ് വ്യാപകമായി തളിക്കുന്ന പ്രദേശങ്ങളില്‍ കാന്‍സര്‍, വൃക്കരോഗങ്ങള്‍ വന്ധ്യത, കുട്ടികളിലെ ജന്മവൈകല്യങ്ങള്‍ എന്നിവ വ്യാപകമാണെന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. പരീക്ഷണശാലകളിലെ എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഈ കളനാശിനി അര്‍ബുദ മുഴകള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യരിലെ ഹോര്‍മോണ്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ഗ്ലൈഫോസേറ്റ് തകരാറിലാക്കും. മനുഷ്യകോശങ്ങളിലെ ഡിഎന്‍എയ്ക്ക് കേടുപാടുകളുണ്ടാക്കും. ഗ്ലൈഫോസേറ്റ് പ്രയോഗിച്ചുകഴിഞ്ഞാല്‍ ഉടന്‍തന്നെ ജൈവികമായി വിഘടിച്ച് കാര്‍ബണ്‍ ഡയോക്‌സൈഡും ഫോസ്‌ഫേറ്റുമായി മാറുമെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ ഫ്രണ്ട്‌സ് ഓഫ് എര്‍ത്ത് യൂറോപ്പ് 2013ല്‍ 18 രാജ്യങ്ങളില്‍ നിന്നുമുള്ള മനുഷ്യമൂത്രം പരിശോധിച്ചപ്പോള്‍ 44 ശതമാനത്തിലും ഗ്ലൈഫോസേറ്റ് ഉണ്ടെന്നാണ് കണ്ടെത്തിയത്. മണ്ണില്‍ ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മാണുക്കളെക്കൊണ്ട് മണ്ണിനെ ഈ കളനാശിനി അതിവേഗം ഊഷരമാക്കി മാറ്റും. നിയോനിക്കോട്ടിനോയിഡ് വിഭാഗത്തില്‍പെട്ട കീടനാശിനികളെപ്പോലെ ഗ്ലൈഫോസേറ്റും തേനീച്ചക്കോളനികളുടെ തകര്‍ച്ചക്ക് കാരണമാകും. അമേരിക്കയിലെ രാജകീയ ശലഭങ്ങളായ മൊണാര്‍ക്ക് ചിത്രശലങ്ങളുടെ വംശനാശത്തിനു പിന്നിലും ഈ കളനാശിനിയുടെ വ്യാപകമായ പ്രയോഗമാണെന്ന് ഗവേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പശുക്കളുടെ പാലിലും മാട്ടിറച്ചിയിലുമെല്ലാം ഈ കളനാശിനിയുടെ സാന്നിധ്യമുണ്ട്. 2012ല്‍ പെഡേര്‍സന്‍ എന്ന ഡാനിഷ് കര്‍ഷകന്‍ റൗണ്ടപ്പ് സോയ കലര്‍ന്ന ഭക്ഷണം നല്‍കിയ പന്നികളില്‍ അസാധാരണമായ ചില വൈകല്യങ്ങള്‍ കണ്ടിരുന്നു. ചില മൃഗങ്ങള്‍ക്ക് ജനിച്ചപ്പോള്‍ തന്നെ വൃക്ക, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. വലിപ്പം കൂടിയ വാരിയെല്ലുകള്‍ അസാധാരണ വലിപ്പമുള്ള നാവ് വലിപ്പം കൂടിയ ഒറ്റക്കണ്ണ്, തലയോട്ടിയില്‍ സുഷിരം തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഈ പന്നികളില്‍ കണ്ടിരുന്നു.
അരനൂറ്റാണ്ടിലേറെ അര്‍ബുദ ഗവേഷണ മേഖലയില്‍ പാരമ്പര്യമുള്ള സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ കാന്‍സര്‍ റിസര്‍ച്ച്. ഏജന്‍സിയുടെ ഗവേഷണഫലം പ്രസിദ്ധീകരിച്ചതോടെ ഗ്ലൈഫോസേറ്റിന്റെ സുരക്ഷിതത്വം പുനഃപരിശോധനക്ക് വിധേയമാക്കാന്‍ അമേരിക്കയിലേയും യൂറോപ്പിലേയും പരിസ്ഥിതി ഏജന്‍സികള്‍ നിര്‍ബന്ധിതരായിത്തീരും. കീടനാശികളുടേയും കളനാശിനികളുടേയും സുരക്ഷിതത്വത്തെക്കുറിച്ച് കമ്പനികളും ഗവണ്‍മെന്റ് ഏജന്‍സികളും പ്രചപിപ്പിക്കുന്ന ചില തെറ്റിദ്ധാരണകളുണ്ട്. എല്ലാ കീടനാശിനികളും വളരെ കര്‍ശനമായ പരിശോധനയ്ക്ക് ശേഷമാണ് പുറത്തിറക്കുന്നതെന്നാണ് ഒരു പ്രചാരണം. തീരെ കുറഞ്ഞ അളവില്‍ കീടനാശിനികള്‍ അപകടകരമല്ലെന്നും അവ പെട്ടെന്ന് വിഘടിക്കുമെന്നും അവര്‍ പറയുന്നു. ഗവണ്‍മെന്റ് നിയന്ത്രണ ഏജന്‍സികള്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുവെന്നും അതിനാല്‍ കീടനാശിനികള്‍ സുരക്ഷിതമാണെന്നുമാണ് മറ്റൊരു പ്രചാരണം. ഇതെല്ലാം വാസ്തവിരുദ്ധമായ പ്രചാരണങ്ങളാണെന്നും കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി യാതൊരു സുരക്ഷിതത്വവുമില്ലാത്ത രാസകീടനാശിനികള്‍ പരിസ്ഥിതിയിലേക്ക് വ്യാപകമായി തള്ളിയിടുകയാണെന്നും സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. 
(കടപ്പാട്) ഡോ .ജോസ് ജോസഫ് .കാര്‍ഷിക ശാസ്ത്രജ്ഞന്‍. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍, കോളജ് ഓഫ് ഹോര്‍ട്ടി കള്‍ച്ചര്‍ എന്നിവയുടെ മേധാവി 
ഇഞ്ചിപ്പാടങ്ങളില്‍ റൗണ്ടപ്പ് ഉപയോഗം വ്യാപകം; അര്‍ബുദ ബാധിതരുടെ എണ്ണം അഞ്ചിരട്ടിയായി 
എം കെ സുരേഷ് കുമാര്‍
പാലക്കാട്: നെല്ലറയിലെ ഇഞ്ചിപ്പാടങ്ങളില്‍ കളകള്‍ കരിച്ചുകളയാന്‍ ഉപയോഗിക്കുന്ന റൗണ്ടപ്പ് എന്ന കീടനാശിനി ദുരന്തം വിതക്കുന്നു. എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ റൗണ്ടപ്പിന്റെ ഉപയോഗം വയലുകളില്‍ ജോലി ചെയ്യുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ അര്‍ബുദ ബാധിതരുടെ എണ്ണം അഞ്ചിരട്ടിയാക്കിയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 1999ല്‍ ചിറ്റൂര്‍ താലൂക്കിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കണക്ക് പ്രകാരം 1740 അര്‍ബുദ ബാധിതര്‍ ഉണ്ടായിരുന്നിടത്ത്, ഇപ്പോള്‍ അഞ്ചിരട്ടി വരെ വര്‍ധിച്ച് 5,320ലെത്തി. അര്‍ബുദ രോഗബാധിതരില്‍ 60 ശതമാനത്തിലേറെ കര്‍ഷകത്തൊഴിലാളികളാണ്. ഇവരില്‍ മിക്കവരും ഇഞ്ചിപ്പാടങ്ങളില്‍ പണിചെയ്തവരാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൃഷിവകുപ്പ് തന്നെയാണ് റൗണ്ടപ്പ് വിതരണം ചെയ്യുന്നതെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. റൗ ണ്ട്അപ്പ് പ്രോ മാക്‌സ്, ഫാസ്റ്റ് ആക്ഷന്‍ റൗണ്ടപ്പ്, ലിക്വിഡ് കോണ്‍സന്‍ട്രേറ്റ് റൗണ്ടപ്പ്, എക്സ്റ്റന്‍ഡഡ് കണ്‍ട്രോള്‍ റൗണ്ടപ്പ് തുടങ്ങിയ പേരുകളില്‍ ജില്ലയില്‍ വില്‍പ്പന നടത്തുന്നത്. സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കും ഇഞ്ചിപ്പാടങ്ങളില്‍ തളിക്കുന്ന റൗണ്ടപ്പ് ഒഴുകിയെത്തുന്നു. മണ്ണില്‍ ലയിക്കാതെ കിടക്കുന്ന റൗണ്ടപ്പിന്റെ അവശിഷ്ടങ്ങള്‍ മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നത് ജലസ്രോതസ്സുകളിലേക്കാണ്. ബോര്‍വെല്ലുകളില്‍ നിന്ന് ലഭിക്കുന്ന കഠിന ജലത്തോടൊപ്പം കളനാശിനിയുടെ അവശിഷ്ടവും ചേരുമ്പോള്‍ ഭീതിദമായ അവസ്ഥയാണുണ്ടാകുന്നത്. ജൈവ കളനാശിനികളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ കൃഷിവകുപ്പ് തയ്യാറാകാത്തതാണ് റൗണ്ടപ്പ് പോലെയുള്ള മാരക കളനാശിനികളുടെ ഉപയോഗം വ്യാപകമാകാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വര്‍ധിച്ച കൂലിച്ചെലവ് മൂലം കളനാശനത്തിന് റൗണ്ടപ്പ് എളുപ്പവഴിയായി കാണുകയാണ് കര്‍ഷകര്‍. കഴിഞ്ഞ 15 വര്‍ഷത്തോളമായി നെല്‍കൃഷിയേക്കാള്‍ ലാഭകരമായ ഇഞ്ചിക്കൃഷിയിലേക്ക് പാലക്കാട്ടെ കര്‍ഷകര്‍ തിരിഞ്ഞിട്ട്. ചിറ്റൂര്‍, മുതലമട, കഞ്ചിക്കോട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 250 ഹെക്ടറിലേറെ സ്ഥലത്ത് ഇപ്പോള്‍ ഇഞ്ചികൃഷിയുണ്ട്. 2013 മുതല്‍ വിലസ്ഥിരത കൈവരിച്ചതാണ് ഇഞ്ചികൃഷിയിലേക്ക് നെല്‍പ്പാടങ്ങള്‍ പരിണമിക്കാന്‍ കാരണം. ഒരു വര്‍ഷം രണ്ട് വിളവുകളുള്ള ഇഞ്ചിപ്പാടങ്ങള്‍ക്ക് വെള്ളം കുറവ് മതിയെന്നതും ആകര്‍ഷകമായി. ഒരേക്കര്‍ സ്ഥലത്ത് നിന്ന് പ്രതിവര്‍ഷം ഒരു ലക്ഷം രൂപവരെ ആദായമുള്ള ഇഞ്ചികൃഷിക്ക് വ്യാപകമായി ഉപയോഗിക്കുന്നത് രാസവളങ്ങളും രാസകീടനാശിനികളുമാണ്. ഇതില്‍ ഏറ്റവും മാരകമായ കീടനാശിനിയാണ് റൗണ്ടപ്പ്. ഇഞ്ചികൃഷിക്ക് പാടങ്ങള്‍ ഒരുക്കുന്നത് മുതല്‍ ഇവിടങ്ങളിലെ പാടവരമ്പിലെ കളകള്‍ കരിക്കാന്‍ ഈ കീടനാശിനി ഉപയോഗിക്കുകയാണ്. കളനാശിനിയായ റൗണ്ടപ്പ് കൃഷി ഒരുക്കുന്നതിനു മുമ്പും തൈകള്‍ പിടിച്ചുതുടങ്ങുമ്പോളും പാടത്ത് സ്‌പ്രേ ചെയ്യും. 100 മില്ലിഗ്രാം റൗണ്ടപ്പ് ലയിപ്പിച്ച് പാടത്ത് സ്‌പ്രേ ചെയ്താല്‍ പാടത്തെ കളയും പുല്ലും കരിയുമെന്ന് മാത്രമല്ല അടുത്ത രണ്ട് വര്‍ഷത്തേക്ക് പുല്ല് പോലും പാടവരമ്പില്‍ മുളക്കില്ല. കൂലിക്ക് ആളെ വെച്ച് കളപറിച്ചാല്‍ നാല് ദിവസമെടുത്ത് 10,000 രൂപ ചെലവ് വരുന്നിടത്ത് 200 രൂപയുടെ റൗണ്ടപ്പ് ഉപയോഗിച്ച് അര മണിക്കൂര്‍ കൊണ്ട് ചെയ്തുതീര്‍ക്കാം. എന്നാല്‍, ഈ കളനാശിനി തൊലിപ്പുറത്തും ആമാശയത്തിലും കരളിലും ശ്വാസകോശത്തിലും അര്‍ബുദത്തിന്റെ വിത്തുവിതക്കുന്നു. തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളിലെ വിഷപ്രയോഗ ത്തിനെതിരെ ബോധവത്കരണവും നിയമനടപടികളും സ്വീകരിക്കുന്ന സര്‍ക്കാര്‍ ജില്ലയില്‍ റൗണ്ടപ്പ് പ്രയോഗം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കര്‍ഷക മുന്നേറ്റം അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നു.
© ‪#‎SirajDaily‬

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS