“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, September 7, 2015

ഭാഷാപഠനം-ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ള

ഒരു നിർദ്ധനകുടുംബത്തിലെ അംഗമായിജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ്‌ അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. 
'രമണൻ' എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായി.
എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്നു തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുക യായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷംതോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾസംഘടിപ്പിച്ചു പോരുന്നു.
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി 'വാഴക്കുല'യിൽ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും.


"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ”

—വാഴക്കുല 

ചങ്ങമ്പുഴ എഴുതിയ ജോത്സ്യത്തെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാതെ അതിന്റെ കയ്യെഴുത്തുപ്രതി കണ്ണൂരിലെ ജോത്സ്യപണ്ഡിതനും എഴുത്തുകാരനുമായ എടക്കാട്ട് നാരായണന്റെ കൈവശം കണ്ടെത്തിയിരുന്നു. പഴയകാല ഗണിതം ഉപയോഗിച്ചാണ് 1945-ൽ അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാനായി ചങ്ങമ്പുഴ തൃശൂർ സ്വദേശിയായ ഇയ്യുണ്ണി എന്നയാളെ ഏൽപ്പിക്കുകയും അദ്ദേഹമാണ് നാരായണന് ഈ പുസ്തകം കൈമാറുകയും ചെയ്തതെന്നു കരുതുന്നു.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS