സാലിം അലി
ഡോ. സാലിം അലി | |
---|---|
സാലിം അലി
| |
ജനനം | 1896 നവംബർ 12 മുംബൈ, ഇന്ത്യ |
മരണം | 1987 ജൂൺ 20(പ്രായം 90) മുംബൈ, ഇന്ത്യ |
ദേശീയത | ഇന്ത്യ |
മേഖലകൾ | പക്ഷിശാസ്ത്രം നാച്വറൽ ഹിസ്റ്ററി |
സ്വാധീനിക്കപ്പെട്ടിട്ടുള്ളത് | എർവിൻ സ്ട്രെസ്മാൻ |
പ്രധാന പുരസ്കാരങ്ങൾ | പത്മവിഭൂഷൺ(1976) |
ജീവിത പങ്കാളി | തെഹ്മിന അലി |
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി (സാലിം മുഇസുദ്ദീൻ അബ്ദുൾ അലി, നവംബർ 12, 1896 - ജൂലൈ 27, 1987) അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു .1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ് മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത്. അക്കാലത്ത് ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച് നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന് അമ്മാവന്റെ കൈയിൽ നിന്നും ഒരു 'എയർ ഗൺ' ലഭിച്ചു. അതുകൊണ്ട് കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടിൽ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയിൽ ഒരു പെൺകുരുവി മുട്ടയിട്ട് അടയിരിക്കുന്നതായും ഒരു ആൺകുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺകുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷേ മണിക്കൂറുകൾക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺകുരുവിയെ സമ്പാദിച്ച് തത്സ്ഥാനത്ത് ഇരുത്തി, അങ്ങനെ എട്ട് ആൺകുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ.
തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു മുസ്ലിമിന് തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ് സായ്പിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ് സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.
"Dr.Salim Ali Bird Sanctuary" <<< Link
"Dr.Salim Ali Bird Sanctuary" <<< Link
No comments:
Post a Comment