“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, August 22, 2017

വൈകുണ്ഠസ്വാമികള്‍ - Social Science STD 7

വൈകുണ്ഠസ്വാമികള്‍ ജനിച്ചത് 1809 മാര്‍ച്ച് 12-ാം തീയതിയിലാണ് എന്നു പറഞ്ഞുവല്ലോ. തെക്കന്‍ തിരുവിതാംകൂറില്‍ അഗസ്തീശ്വരം താലൂക്കില്‍ സ്വാമിത്തോപ്പ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന സ്ഥലത്ത് (അന്ന് ആ സ്ഥലം അറിയപ്പെട്ടിരുന്നത് ശാസ്താംകോവില്‍ വിളൈ എന്നായിരുന്നു. കന്യാകുമാരിയില്‍ നിന്ന് 5 മൈല്‍ വടക്കുപടിഞ്ഞാറ് മാറി). പൊന്നുമാടന്റേയും വെയിലാളിന്റേയും രണ്ടാമത്തെ സന്താനമായി അദ്ദേഹം ഭൂജാതനായി. അദ്ദേഹത്തിന്റെ ജനനതീയതി യെപ്പറ്റി പലരും പല അഭിപ്രായക്കാരാണ്. 2001-ല്‍ വി. തങ്കയ്യ എഴുതി പ്രസിദ്ധീകരിച്ച ‘വൈകുണ്ഠസ്വാമികള്‍- ‘ നവോത്ഥാന ശില്‍പ്പി’ ‘ എന്ന ഗ്രന്ഥത്തില്‍ 19-ാം പേജില്‍ 1809 മാര്‍ച്ച് 26-ാം തീയതി അദ്ദേഹം ജനിച്ചു എന്നാണ് പറയുന്നത്. പി. സര്‍വ്വേശ്വരന്‍ Journal of Kerala Studies Vol III ല്‍ പറയുന്നത് അദ്ദേഹം 1803-ല്‍ ജനിച്ചു എന്നാണ്. ഏതായാലും 19-ാം നൂറ്റാണ്ടില്‍ ആദ്യദശകത്തില്‍ അദ്ദേഹം ജനിച്ചു എന്ന് സംശയ ലേശമന്യേ പ്രസ്താവിക്കാം. പിന്നീട് ചരിത്രപുരുഷനാകും എന്ന പ്രതീക്ഷയില്‍ ജനനതീയതി കൃത്യമായി രേഖപ്പെടുത്തി വയ്ക്കുക അക്കാലത്ത് ചെയ്തിരുന്നില്ല. ജാതകവും മറ്റും എഴുതി സൂക്ഷിക്കുന്ന പതിവും സവര്‍ണ്ണരുടെ ഇടയില്‍ മാത്രമേ നിലനിന്നിരുന്നുള്ളൂ. ജനിച്ചപ്പോള്‍ ആ കുട്ടിക്ക് പിതാവ് നല്‍കിയ പേര് മുടിചൂടുംപെരുമാള്‍ എന്നാണ്. പെരുമാള്‍- പെരിയ ആള്‍-ഭരണാധികാരി. സ്ഥാണു രവി വീരപെരുമാള്‍- രാജശേഖരപ്പെരുമാള്‍ – കോതപെരുമാള്‍-കോതരവിപെരുമാള്‍ അങ്ങനെ അനേകം പെരുമാക്കന്‍മാര്‍ കേരളത്തില്‍ രാജ്യഭരണം നടത്തിയതായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആ പേര്, ഒരു രാജാവിന്റെ പേര് (രാജാവ് ക്ഷത്രിയനാണെന്നാണല്ലോ വയ്പ്പ് അപ്പോള്‍ ക്ഷത്രിയന്റെ പേര് ചണ്ഡാലനോ?) ഒരു ചണ്ഡാലന്‍ തന്റെ പുത്രന് നല്‍കി എന്നറിഞ്ഞ കരപ്രമാണികളും സവര്‍ണ്ണരും ക്രുദ്ധരായി. അതിന്റെ പേരില്‍ കുട്ടിയുടെ അച്ഛന്റെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാദ്ധ്യതയുണ്ടെന്നറി ഞ്ഞപ്പോള്‍ പൊന്നുമാടന്‍ തന്റെ കുട്ടിയുടെ പേര് മാറ്റി മുത്തുക്കുട്ടി എന്നാക്കി. മാതാപിതാക്കള്‍ക്ക് ഇഷ്ടമുള്ള പേര് സ്വന്തം മക്കള്‍ക്ക് നല്‍കുവാന്‍ പോലും കഴിവില്ലാതിരുന്ന ഒരു കാലത്താണ് വൈകുണ്ഠസ്വാമികള്‍ ജനിച്ചത്. (ആ ഒരു സംഭവം ധാരാളം മതി അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി മനസ്സിലാക്കാന്‍). അത് ഒരു കറുത്തപൊട്ടായി സ്വാമികളുടെ ജീവിതകാലം മുഴുവന്‍ മനസ്സില്‍ ഉണ്ടായിരുന്നു എന്ന് ഊഹിക്കാം. അതിന്റെ പ്രതികാരമായിട്ടാണ് സ്വാമികള്‍ മുത്തുക്കുട്ടി എന്ന പേര് മാറ്റി വൈകുണ്ഠസ്വാമികള്‍ എന്നാക്കിയത്. സ്വന്തം പേര് സ്വയം നിശ്ചയിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണ് സ്വാമികള്‍. തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി ഭജനമിരുന്ന ശേഷം 3 ദിവസം സമുദ്രത്തില്‍ മുങ്ങി പുതിയ ഒരാളായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു താന്‍ വിഷ്ണുവിന്റെ അവതാരമാ ണെന്ന്. അതിന്റെ അടിസ്ഥാനത്തിലാണ് വൈകുണ്ഠസ്വാമികള്‍ എന്ന പേര് സ്വീകരിച്ചത്. പെരുമാള്‍ എന്ന പേര് രാജാവിനെ ദ്യോതിപ്പിക്കുന്നതാണ് എന്ന കാരണത്താല്‍ അത് വിലക്കിയവരോടാണ് അദ്ദേഹം ഈശ്വരനെ ദ്യോതിപ്പിക്കുന്ന പേരുകൊണ്ട് തന്നെ സംബോധന ചെയ്യാന്‍ നിര്‍ബന്ധിച്ചത്. തന്റെ അനുയായികള്‍ അങ്ങനെ വിളിച്ചപ്പോള്‍ സവര്‍ണ്ണര്‍ക്കും അത് സ്വീകരിക്കേണ്ടി വന്നു. അതു കൊണ്ടാണ് ഇത് വൈകുണ്ഠ സ്വാമികളെപ്പററിയുളള പഠനമാകുന്നത്. അല്ലെങ്കില്‍ മുത്തുക്കുട്ടി സ്വാമിയെപ്പറ്റിയുള്ള പഠനമാകുമായിരുന്നു. സ്വാമികളുടെ ഓരോ പ്രവര്‍ത്തിയും ബ്രാഹ്മണിസത്തേയും ബ്രാഹ്മണരേയും സവര്‍ണ്ണരേയും അവരുടെ ആശയങ്ങളെയും പ്രവര്‍ത്തികളെയും വെല്ലുവിളിക്കുന്നതായിരുന്നു. എങ്കിലും അദ്ദേഹം ബ്രാഹ്മണരുടെദൈവമായ വിഷ്ണുവിന്റെ അവതാരമാണ് എന്നാണ് അവകാശപ്പെട്ടത്. എന്താണ് അതിന്റ കാരണം. വിഷ്ണു ബ്രാഹ്മണരുടെ ദൈവം ആണോ? സംഘം കൃതികളില്‍ ഒരിടത്തും വിഷ്ണുവിനെപ്പറ്റിയുള്ള പരാമര്‍ശമില്ല. വിഷ്ണുവിനെ ദൈവമായി ആരാധിക്കുന്ന ബ്രാഹ്മണര്‍ സംഘകാലത്ത് ഇവിടെ ഉണ്ടായിരുന്നില്ല എന്നതും പ്രസ്താവ്യമാണ്. സംഘകൃതികളിലെ ഒരു പ്രധാന ദൈവം മായോന്‍ ആണ് എന്നും മായോനെ വിഷ്ണുവായിട്ടാണു സംഘംകൃതി കളുടെ തര്‍ജ്ജിമകളില്‍ ബ്രാഹ്മണര്‍ ചേര്‍ക്കാറുള്ളത് എന്നും പി. കെ. ഗോപാല കൃഷ്ണന്‍ മുന്‍പു പറഞ്ഞ ഗ്രന്ഥം 39-ാം പേജില്‍ പറയുന്നു. വൈകുണ്ഠ സ്വാമികള്‍ പില്‍ക്കാലത്ത് അവതരിപ്പിച്ച ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ വിഷ്ണു എന്നതിന് സ്വാമികള്‍ കൊടുത്ത അര്‍ത്ഥം മായോന്‍ എന്നാണ് എന്ന നിഗമനത്തില്‍ എത്താവുന്നതാണ്. മായോന്റെ പ്രത്യേകത അത് ഒരു കറുത്ത ദൈവമായിരുന്നു എന്നതാണ്. ആര്യന്‍ ദൈവങ്ങളെല്ലാം വെളുത്തതാണ്. കൃഷ്ണന്‍ ഒഴികെ. പിതാവിനെപ്പോലെ സ്വാമികളും ചെറുപ്പത്തില്‍ ഒരു വൈഷ്ണവനായിരുന്നു വെങ്കിലും അദ്ദേഹം ബൈബിള്‍ പഠിച്ചിരുന്നു എന്ന് ജോണ്‍ കെ. ജേക്കബ്ബ് The Thiruvalluvar Sangha Charithram എന്ന ഗ്രന്ഥത്തില്‍ പറയുന്നു. അന്നിവിടെ വിദ്യാഭ്യാസത്തിന് ശരിയായ വിദ്യാലയങ്ങള്‍ ഒന്നുമുണ്ടായിരു ന്നില്ല. 1806-ല്‍ വന്ന എല്‍. എം. എസുകാര്‍ സഥാപിച്ച ഏതാനും സ്‌കൂളുകളാണ് ആകെ ഉണ്ടായിരു ന്നത്. അതും മുത്തുക്കുട്ടിയുടെ ഗ്രാമത്തിന് അടുത്തെങ്ങും ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം പുരാണങ്ങളും, ഇതിഹാസങ്ങളും പിന്നെ തിരുക്കുറലും പഠിച്ചു. തിരുക്കുറലില്‍നിന്നും ലഭിച്ച പാഠങ്ങളാണ് അദ്ദേഹത്തെ വൈകുണ്ഠ സ്വാമികളാക്കി മാറ്റിയത് എന്ന് അനുമാനിക്കാം. അദ്ദേഹത്തിന്റെ പില്ക്കാല ജീവിതം അതാണ് വ്യക്തമാക്കുന്നത്.
17-ാം വയസ്സില്‍ അദ്ദേഹം വിവാഹം കഴിച്ചു. പത്‌നിയുടെ പേര് പരദേവത എന്നായിരുന്നുവെന്ന് പി. സര്‍വ്വേശ്വരന്‍ പറയുന്നു. അദ്ദേഹം ഏഴു വിവാഹം ഒരേ സമയം കഴിച്ചു എന്ന് പറയുന്നവരുമുണ്ട്. അതേപ്പറ്റി പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് ഒരു കുട്ടി ഉണ്ടായിരുന്നുവെന്നും പേര് പോതുക്കുട്ടി എന്നായിരുന്നു എന്നും എന്‍. ഇളംകോയും വിജയ ശാന്തിഇളംകോയും ചേര്‍ന്ന് എഴുതിയ Ayya Vaikunda Swamigal, The Light of the World എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
ജോലിയുടെ കാര്യത്തില്‍ ഒരു ഉച്ചനീചത്വവും അദ്ദേഹം കാണിച്ചില്ല. ഏതു ജോലിയും ചെയ്യുമായിരുന്നു. കിട്ടുന്ന കൂലിയില്‍ ഒരു പങ്ക് ദരിദ്രര്‍ക്ക് കൊടുക്കു കയും ചെയ്തിരുന്നു. മാശി ഉത്സവത്തിന് തിരുച്ചെന്തൂരിലെ മുരുകക്ഷേത്രത്തില്‍ അദ്ദേഹം പോയി സ്‌നാനം നടത്തി കഴിഞ്ഞപ്പോള്‍ വിഷ്ണുവിന്റെ ചൈതന്യം അദ്ദേഹത്തില്‍ പ്രവേശിച്ചു എന്നവകാശപ്പെടുന്നു. അതു സംബന്ധിച്ചു വളരെയേറെ ഐതീഹ്യങ്ങളുണ്ട്. അദ്ദേഹത്തിന് മാരകമായ എന്തോരോഗം ഉണ്ടായിരുന്നു വെന്നും നാട്ടില്‍ ചികിത്സിച്ചിട്ട് ഒരു പ്രയോജനവും കണ്ടില്ല. അവസാനം പരീക്ഷണാര്‍ത്ഥം തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി തപസ്സനുഷ്ഠിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ മാതാപിതാക്ക ളോടൊത്ത് അദ്ദേഹം അവിടെച്ചെന്ന് തപസ്സിരുന്നു. തപസ്സിന്റെ ഭാഗമായി നിത്യവും ക്ഷേത്രത്തില്‍ മുന്‍വശത്തുള്ള സമുദ്രത്തില്‍ കുളിക്കണമെന്നുണ്ടായിരുന്നു. ഒരിക്കല്‍ കുളിക്കുന്നതിനിടെ അദ്ദേഹത്തെ കാണാതായി. മൂന്നു ദിവസം കഴിഞ്ഞാണ് അദ്ദേഹം തിരിച്ചെത്തിയത്. അപ്പോള്‍ അമ്മയോടു പറഞ്ഞു. ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മകനല്ല, വിഷ്ണു വിന്റെ അവതാരമാണ്. എന്റെ പേര് മുത്തുക്കുട്ടിയെന്നല്ല. വൈകുണ്ഠര്‍ എന്നാണ് അദ്ദേഹത്തിന്റെ രോഗവും നിശ്ശേഷം മാറിയിരുന്നു എന്നെല്ലാമാണ് ഐതീഹ്യം.
ദക്ഷിണേന്ത്യയിലെ അയിത്തജാതിക്കാരെ ഒരുമിപ്പിക്കു വാനും അവരിലെ ജാതിവിവേചനവും വിഘടനവാദവും ഇല്ലാതാക്കുവാനും നല്ല വഴക്കങ്ങളും ആരോഗ്യപരമായ ജീവിതരീതിയും അവരില്‍ പ്രചരിപ്പിക്കുവാനും അവരുടെ പുരോഗതിക്കുവേണ്ടി യത്‌നിക്കുവാനും സവര്‍ണ്ണരില്‍ നിന്നും അവര്‍ അനുഭവിച്ചു പോരുന്ന യാതനകളില്‍നിന്നും അവരെ മോചിപ്പിക്കുവാനും വിഷ്ണു അദ്ദേഹ ത്തോട് നിര്‍ദ്ദേശിച്ചുവെന്നും അങ്ങനെയെല്ലാം പ്രവര്‍ത്തിക്കുവാനുള്ള ഒരുള്‍പ്രരണ അദ്ദേഹത്തിന് ലഭിച്ചു എന്നുമെല്ലാമുള്ളതാണ് ഐതിഹ്യമെങ്കിലും അതിന്റെ ഫലം നല്ലതാണ്. വൈകുണ്ഠമഹാത്മന്‍ എന്ന കൃതി12-ാം പേജില്‍ എന്‍. അമലന്‍ പറയുന്നത് അങ്ങനെയാണ്.
അദ്ദേഹം തിരുച്ചെന്തൂരില്‍ തപസ്സ് അനുഷ്ഠിച്ച കാലത്ത് രണ്ടുവര്‍ഷത്തേയ്ക്ക് ദ്രാവകരൂപത്തിലുളള ആഹാരം മാത്രമേ കഴിച്ചിരുന്നുള്ളൂ. പിന്നെ രണ്ടു വര്‍ഷത്തേയ്ക്ക് പഴങ്ങള്‍ മാത്രമേ കഴിച്ചുള്ളു എന്നും അഖിലത്തിരട്ടില്‍ പ്രസ്താവിക്കുന്നുവെന്ന് ഡോ: ആര്‍. പൊന്നു 46-ാം പേജില്‍ പറയുന്നു അതെല്ലാം അദ്ദേഹത്തിന് പേരും പ്രശസ്തിയും അംഗീകാരവും സമ്പാദിച്ചു കൊടുത്തു. ജനത്തെ നയിക്കാനും നിയന്ത്രിക്കാനും അദ്ദേഹത്തെ കഴിവുള്ളവനാക്കിത്തീര്‍ത്തു. ജനത്തിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞപ്പോള്‍ അവരെ ദ്രോഹിക്കുന്നവരുടെ നേരെ തിരിയാനുള്ള ശക്തിയും മനസ്സും അദ്ദേഹത്തിനുണ്ടായി. അവരില്‍നിന്നും അമിതമായ നികുതി ഈടാക്കുന്ന സര്‍ക്കാരിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്മാരെ മാത്രമല്ല, രാജാവിനെത്തന്നെ അദ്ദേഹം തന്റെ വിമര്‍ശനത്തിന് വിധേയനാക്കി. എല്‍. എം. എസ്. മിഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അതെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. (നാഗര്‍കോവില്‍ ഡിസ്ട്രിക്റ്റ്)

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS