ആന്‍ഡമാന്‍-നിക്കോബാര്‍ Andaman-Nicobar
ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടു ദീപസമൂഹങ്ങള്‍.
ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു യൂണിയന്‍ ഭരണപ്രവിശ്യ(Union Territory)യുടെ
പദവിയാണ് ഇവയ്ക്കുള്ളത്. ഭൂവിജ്ഞാനീയപരമായി നോക്കുമ്പോള്‍ മ്യാന്‍മറിലെ
അരക്കന്‍യോമ പര്‍വതശൃംഖലയുടെ തുടര്‍ച്ചയായി നീഗ്രായിസ് (Negrais) മുനമ്പു
മുതല്‍ അച്ചിന്‍ ഹെഡ് (Achin Head) വരെ നീളുന്ന സമുദ്രാന്തരപര്‍വതങ്ങളുടെ
എഴുന്നു നില്ക്കുന്ന ഭാഗങ്ങളാണ് ഈ ദ്വീപസമൂഹങ്ങളെന്ന്
അനുമാനിക്കാവുന്നതാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ആന്‍ഡമാന്‍
ദ്വീപുകള്‍ ഭരണപരമായി ആന്‍ഡമാന്‍ ജില്ല എന്ന പേരില്‍ അറിയപ്പെടുന്നു.
നിക്കോബാര്‍ ജില്ല 1974-ല്‍ രൂപീകൃതമായി. 2001-ലെ കണക്കനുസരിച്ച് 3,14,084
ആണ് ആന്‍ഡമാനിലെ ജനസംഖ്യ. തലസ്ഥാനം: പോര്‍ട്ട് ബ്ളയര്‍.
ഭൂപ്രകൃതി.
ഹൂഗ്ലിനദീമുഖത്തു നിന്നും 944 കി.മീ. തെ.കിഴക്കായുള്ള ദ്വീപസമൂഹമാണ്
ആന്‍ഡമാന്‍. ഇതിലുള്‍പ്പെട്ട 203 ദ്വീപുകളുടെ മൊത്തം വിസ്തീര്‍ണം 6,496 ച.
കി.മീ. ആണ്. ശ.ശ. വീതി 24 കി.മീ. ആകുന്നു. ഈ ദ്വീപസൂഹത്തിലെ ഉത്തര
ആന്‍ഡമാന്‍, മധ്യ ആന്‍ഡമാന്‍, ദക്ഷിണ ആന്‍ഡമാന്‍, ബാരാടാങ്, റട്ട്ലന്‍ഡ്
എന്നീ അഞ്ചു ദ്വീപുകളുടെ മാത്രം നീളം 249 കി.മീ. ആണ്; ദ്വീപസമൂഹത്തിന്റെ
മൊത്തം നീളം 320 കി.മീ. വരും. ഈ അഞ്ചുദ്വീപുകളെയും ചേര്‍ത്ത് ഗ്രേറ്റര്‍
ആന്‍ഡമാന്‍ എന്നു വിളിച്ചു വരുന്നു. ഈ ഭാഗത്തിനു 48 കി.മീ. തെക്കാണ്
ബാക്കിയുള്ള ചെറുദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. ലിറ്റില്‍ ആന്‍ഡമാന്‍
എന്നു വിളിക്കുന്ന ദക്ഷിണ ഭാഗത്തിനും ഉത്തര ആന്‍ഡമാനുമിടയ്ക്കുള്ള
കടലിടുക്കിന് ഡങ്കന്‍പാത എന്നു പറഞ്ഞുവരുന്നു. ഗ്രേറ്റര്‍ ആന്‍ഡമാനിലെ
പ്രധാനദ്വീപുകളില്‍നിന്നു വളരെ അകലത്തല്ലാതെ ധാരാളം ചെറുദ്വീപുകളുമുണ്ട്. ഈ
ഭാഗത്തെ ശ.ശ. വീതി 32 കി.മീറ്ററും, ലിറ്റില്‍ ആന്‍ഡമാന്റെ ശ.ശ. വീതി 27
കി.മീറ്ററും ആണ്.
ഉടവുകളും ഉള്‍ക്കടലുകളും നിറഞ്ഞ തടരേഖയില്‍ ധാരാളം പ്രകൃതിദത്ത
തുറമുഖങ്ങളും ജട്ടികളും രൂപം കൊണ്ടിട്ടുണ്ട്. കണ്ടല്‍വൃക്ഷശേഖരങ്ങള്‍
(mangroves) നിറഞ്ഞ പ്രകൃതിരമണീയമായ തീരപ്രദേശങ്ങളാണ് മറ്റൊരു പ്രത്യേകത;
വന്‍കരയോരം, പ്രത്യേകിച്ചും പ.വശത്ത്, പവിഴപ്പുറ്റുകള്‍ (coral reefs)
നിറഞ്ഞു കാണുന്നു.
മധ്യഭാഗത്ത് നട്ടെല്ലുപോലെ നീണ്ടുകാണുന്ന മലനിരകള്‍ ഗ്രേറ്റര്‍
ആന്ഡമാനില്പ്പെട്ട ദ്വീപുകളുടെ സവിശേഷതയാണ്. ഉത്തര ആന്‍ഡമാനിലെ
നാഡില്‍പീക് (732 മീ.) ആണ് ഏറ്റവും ഉയരം കൂടിയ ഭാഗം. ഇവയുടെ
പ്രാന്തങ്ങളിലുള്ള കുന്നുകള്‍ നിത്യഹരിതവനങ്ങളാണ്. ദക്ഷിണആന്‍ഡമാനിലും മധ്യ
ആന്‍ഡമാനിലും ഡെക്കാണിലെപ്പോലെ കിഴക്കും പടിഞ്ഞാറും തീരങ്ങളില്‍
മലനിരകളുണ്ട്; ഇവയില്‍ കിഴക്കന്‍ നിരകള്‍ താരതമ്യേന ഉയരം കൂടിയവയാണ്.
മൗണ്ട് ഡയവാലോ (512 മീ.), കോയോബ് (459 മീ.), മൗണ്ട് ഹാരിയട്ട് (364 മീ.),
ഹോര്‍ഡ്സ് പീക് (434 മീ.) എന്നീ കൊടുമുടികളാണ് കിഴക്കന്‍ നിരകളിലെ
ഉയര്‍ന്നഭാഗങ്ങള്‍. ലിറ്റില്‍ ആന്‍ഡമാന്‍ പ്രായേണ സമതലപ്രദേശങ്ങളാണ്.
ഏഴു വലിയ ദ്വീപുകളും 12 ചെറിയ ദ്വീപുകളും എണ്ണമറ്റ തുരുത്തുകളുമാണ്
നിക്കോബാര്‍ ഉള്‍ക്കൊള്ളുന്നത്. ഇവ നന്നേ അടുത്തടുത്തായി
സ്ഥിതിചെയ്യുന്നു. കാര്‍നിക്കോബാര്‍, തെറീസ, കാമോര്‍ത, നാന്‍കൗറി, കട്ചല്‍,
ലിറ്റില്‍ നിക്കോബാര്‍, ഗ്രേറ്റ് നിക്കോബാര്‍ എന്നിവയാണ് വലിയ ദ്വീപുകള്‍.
വ. അക്ഷാ. 6o 40' മുതല്‍ 9o 20' വരെയും, കി. രേഖാ. 93o മുതല്‍ 94o
വരെയുമാണ് നിക്കോബാര്‍ ദ്വീപുകളുടെ വ്യാപ്തി. ഇവയില്‍ ഏറ്റവും വലുതും
തെക്കേ അറ്റത്തേതുമായ ഗ്രേറ്റ് നിക്കോബാറിന് സുമാത്രാ ദ്വീപില്‍നിന്നും 146
കി.മീ. ദൂരമേയുള്ളു. വടക്കേ അറ്റത്തുള്ള കാര്‍നിക്കോബാറിന് ലിറ്റില്‍
ആന്‍ഡമാനില്‍ നിന്നുള്ള അകലം 115 കി.മീ. ആണ്. നിക്കോബാര്‍ ദ്വീപുകളുടെ
മൊത്തം വിസ്തീര്‍ണം 1,647 ച.കി.മീ. വരും.
സമുദ്രാന്തരമലനിരകളുടെ ജലനിരപ്പിനു മുകളില്‍ ഉയര്‍ന്നു കാണുന്ന
ഭാഗങ്ങളാണ് ഈ ദ്വീപുകള്‍. സ്വാഭാവികമായും നിമ്നോന്നതവും സങ്കീര്‍ണവുമായ
ഭൂപ്രകൃതിയാണുള്ളത്. ഗ്രേറ്റ് നിക്കോബാറിലെ മൗണ്ട് തൂലിയര്‍ (642 മീ.) ആണ്
ഏറ്റവും ഉയരം കൂടിയ ഭാഗം; ലിറ്റില്‍ നിക്കോബാറിലെ മൗണ്ട് ദേബന്‍ (435 മീ.),
എംപ്രസ് പീക് (433 മീ.) എന്നിവ സാമാന്യം ഉയരമുള്ള മലകളും. ഈ മലകളില്‍
നിന്നുദ്ഭവിച്ചൊഴുകുന്ന ചെറുനദികളുടെ അപരദനഫലമായി എക്കല്‍സമതലങ്ങള്‍
ദ്വീപുകളുടെ ഏറിയ ഭാഗത്തെയും ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളാക്കിയിരിക്കുന്നു.
നിക്കോബാര്‍ ദ്വീപുകളുടെ-വിശിഷ്യ ഗ്രേറ്റ് നിക്കോബാര്‍, ലിറ്റില്‍
നിക്കോബാര്‍ എന്നിവയുടെ-പടിഞ്ഞാറേതീരത്ത് ഏതാനും മീറ്ററുകള്‍ മുതല്‍
കിലോമീറ്ററുകള്‍ വരെ വീതിയുള്ള പവിഴപ്പുറ്റുകളുണ്ട്. ഈ ശൃംഖലയുടെ പലഭാഗവും
മണല്‍ത്തിട്ടുകളായി രൂപം പ്രാപിച്ചിരിക്കുന്നു. മിക്കയിടങ്ങളിലും തടരേഖ
ജലനിരപ്പില്‍ നിന്നും 15 മുതല്‍ 20 വരെ മീ. തൂക്കായി ഉയര്‍ന്നു കാണുന്നു.
ആന്‍ഡമാനില്‍നിന്നും വ്യത്യസ്തമായ ജലസഞ്ചയമാണ് നിക്കോബാറിലുള്ളത്.
ചതുപ്പുകളും ശുദ്ധജല തടാകങ്ങളും ധാരാളമാണ്. നദികള്‍ പ്രായേണ
ചെറുതാണെങ്കിലും ഒരിക്കലും വറ്റുന്നില്ല. ഗ്രേറ്റ് നിക്കോബാറിലെ ജൂബിലി,
അമൃത്കൗര്‍, അലെകാണ്ടിയ, ഡോഗ്മര്‍, ഗലാതന്‍ എന്നീ നദികളും ലിറ്റില്‍
നിക്കോബാറിലെ ബോകോ, തൂബി എന്നിവയും സാമാന്യം ഗതാഗതസൗകര്യമുള്ളവയാണ്;
ഏതാണ്ട് എട്ടു കി.മീ. ഉള്ളിലോളം ചെറുകപ്പലുകള്‍ക്കു സഞ്ചരിക്കാനാവും.
ഉള്‍ക്കടലുകള്‍ നിറഞ്ഞ തടരേഖ ധാരാളം നൈസര്‍ഗിക തുറമുഖങ്ങള്‍
ഉള്‍ക്കൊള്ളുന്നു. എക്സ്പെഡിഷന്‍ ഹാര്‍ബര്‍, നാന്‍കൗറി, കാമോര്‍ത എന്നിവ
വികസനസാധ്യതകളുള്ള ഒന്നാംതരം തുറമുഖങ്ങളാണ്. പുറങ്കടലിനു വിലങ്ങനെ
സ്ഥിതിചെയ്യുന്ന ചെറുദ്വീപുകളാല്‍ സംരക്ഷിതങ്ങളായ തുറമുഖങ്ങളാണ് ഇവ.
നിക്കോബാര്‍ ദ്വീപുകള്‍ ഇടയ്ക്കിടെ അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുന്ന
ഭൂകമ്പ മേഖലയാണ്. ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ വിവര്‍ത്തനികശക്തികളുടെ
(Tectonic forces) പ്രവര്‍ത്തനം തുടര്‍ച്ചയായി അനുഭവപ്പെടുന്നു; ദ്വീപിന്റെ
പ.ഭാഗം ഉയര്‍ന്നുവരുന്നതോടൊപ്പം കി. ഭാഗം ക്രമേണ
താണുപോയ്ക്കൊണ്ടിരുന്നതായി നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു. 2004 ഡി.
26-ന് 8.9 റിക്ടര്‍ സ്കെയിലിലുള്ള ഒരു ഭൂകമ്പം ഇവിടെ അനുഭവപ്പെടുകയുണ്ടായി.
ഇതേത്തുടര്‍ന്നുണ്ടായ സുനാമി തിരമാലകളുടെ ആക്രമണത്തില്‍ വന്‍പിച്ച
നാശനഷ്ടങ്ങള്‍ നേരിട്ടു. എണ്ണായിരത്തോളം മനുഷ്യജീവനാണ് അപഹരിക്കപ്പെട്ടത്.
കാലാവസ്ഥ.
സമുദ്രസ്വാധീനംകൊണ്ട് സമീകൃതമായ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ
അനുഭവപ്പെടുന്നത്; ഇത് പൊതുവേ അസുഖകരമല്ല. താപനിലയിലെ ദൈനികവും
വാര്‍ഷികവുമായ അന്തരം നന്നേ കുറവാണ്.
വടക്കുകിഴക്കന്‍, തെ.പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റുകള്‍ (മണ്‍സൂണ്‍)
മഴ പെയ്യിക്കുന്നതുമൂലം ശ.ശ. വര്‍ഷപാതം 310 സെ.മീ. ആണ്; ഇതില്‍ ഭൂരിഭാഗവും
തെ.പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്താണ് ലഭിക്കുന്നത്. മേയ്-ജൂണ്‍, സെപ്.-ഒ.
എന്നീ മാസങ്ങളില്‍ മഴ കൂടുതല്‍ അനുഭവപ്പെടുന്നു; ഏറ്റവുമധികം വര്‍ഷപാതം
ജൂണിലാണ്; ഏറ്റവും കുറവ് ഫെ.-മാ. മാസങ്ങളിലും. നിക്കോബാര്‍ ദ്വീപുകളുടെ
തെക്കരികുകളില്‍ എല്ലാ മാസവും മഴപെയ്യുന്നു.
ഇടിമഴയാണ് സാധാരണ അനുഭവപ്പെടുന്നത്. മണ്‍സൂണ്‍ കാലത്ത്
തുടര്‍ച്ചയായി മഴ ലഭിക്കുന്നു. അപൂര്‍വമായി ചക്രവാതങ്ങളുടെ (Cyclones)
ഉപദ്രവം ഉണ്ടാകാറുണ്ട്. ആര്‍ദ്രമായ അന്തരീക്ഷവും ഉയര്‍ന്ന ചൂടും മൂലമുള്ള
ബുദ്ധിമുട്ടുകള്‍ കടല്‍ക്കാറ്റുകള്‍ മുഖേന ഏറെക്കുറെ
സമീകരിക്കപ്പെട്ടുവരുന്നു. നിക്കോബാര്‍ദ്വീപുകളിലെ കാലാവസ്ഥ താരതമ്യേന
നിയമിതവും സ്ഥിരവുമാണ്.
സസ്യജാലം.
നിക്കോബാര്‍ സമൂഹത്തിലെ ചുരുക്കം ദ്വീപുകളൊഴിച്ചാല്‍ മറ്റു
ഭാഗങ്ങളിലൊക്കെത്തന്നെ സമൃദ്ധമായ സസ്യശേഖരങ്ങളാണുള്ളത്. പ്ലെവുഡ്,
തീപ്പെട്ടി എന്നിവ നിര്‍മിക്കുന്നതിനുള്ള കടുപ്പം കുറഞ്ഞ
ഇനങ്ങളുള്‍പ്പെടെയുള്ള തടി നല്കുവാന്‍ പോന്നവയാണ് ഈ വനങ്ങള്‍.
ശാസ്ത്രീയമായ സംരക്ഷണവും ഉപഭോഗവും വഴി ഇവയില്‍ നിന്നുള്ള ആദായം
ഇരട്ടിപ്പിക്കാവുന്നതാണ്. ഗുര്‍ജന്‍, ബദാം, ധൂപ്പ, പപീതാ, ചുംഗ്ലാം, പാദക്,
കോക്ക, മാര്‍ബിള്‍ വുഡ്, ചൂയി തുടങ്ങിയ വൃക്ഷങ്ങളാണ് സമൃദ്ധമായുള്ളത്.
ഇവയില്‍ ആന്‍ഡമാനില്‍ മാത്രം കാണപ്പെടുന്ന പാദക് (padauk) ഈടിലും ബലത്തിലും
തേക്കിന്‍തടിയോടു കിടനില്ക്കുന്നു; വര്‍ണശബളിമയും വൈവിധ്യവും ഇവയുടെ
സവിശേഷതയാണ്. ചുംഗ്ലാം, കോക്ക തുടങ്ങിയവയും സമ്പദ്പ്രധാനങ്ങളാണ്.
പ്ലെവുഡിനും തീപ്പെട്ടിനിര്‍മാണത്തിനും അനുയോജ്യമായ 'പപ്പീത'യാണ്
മറ്റൊരിനം. ആന്‍ഡമാന്‍ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും താഴ്വാരങ്ങളിലും
കണ്ടല്‍ വനങ്ങളാണ്. വിറകുതടികളാണ് പൊതുവേ ഉള്ളത്; എന്നാല്‍ ബ്രൂഗെയ്രാ
(bruguiera) എന്നയിനം തടി ഇലക്ട്രിക് പോസ്റ്റുകള്‍ക്കു പറ്റിയതാണ്.
വിവിധയിനം പന, മുള, ചൂരല്‍ ഈറ എന്നിവയും ഈ വനങ്ങളില്‍ സമൃദ്ധമാണ്;
പശമരങ്ങളും ധാരാളമായുണ്ട്.
ആന്‍ഡമാന്‍ വനങ്ങളിലുള്ള പാദക്, ഗുര്‍ജന്‍ തുടങ്ങിയ വൃക്ഷങ്ങള്‍
നിക്കോബാര്‍ ദ്വീപുകളില്‍ കാണപ്പെടുന്നില്ല. ചുംഗ്ലാം, ബദാം എന്നിവയാണ്
പ്രധാനയിനങ്ങള്‍; ഇവ ആന്‍ഡമാന്‍ ദ്വീപുകളിലേതിനെക്കാള്‍ ഉയരത്തില്‍
വളരുന്നവയുമാണ്. പപീതാവൃക്ഷങ്ങളും സമൃദ്ധമാണ്. വനങ്ങള്‍ ധാരാളമായുണ്ട്.
ബ്രൂഗെയ്രാ കൂടാതെ ആനത്തീറ്റയായ ബനിയാ മരങ്ങളും ഇവിടെ സുലഭമാണ്. വിവിധയിനം
പനകളും കമുക്, മുളകള്‍, ചൂരലുകള്‍ എന്നിവയും തഴച്ചുവളരുന്നു. റബ്ബര്‍ക്കറ
ഉത്പാദിപ്പിക്കുന്ന വള്ളിച്ചെടികളാണ് മറ്റൊരിനം. ആന്‍ഡമാനില്‍ മാത്രം
കാണപ്പെടുന്ന ആന്‍ഡമാന്‍ വഡോക് ആണ് സംസ്ഥാന വൃക്ഷം ഇതിന്റെ തടി
ഫര്‍ണിച്ചര്‍ നിര്‍മിക്കാന്‍ ഉപയോഗപ്രദമാണ്.
ഈ ദ്വീപസമൂഹത്തിലെ കുറെ ഭാഗം തെങ്ങിന്‍തോപ്പുകളായി മാറിയിട്ടുണ്ട്.
നിക്കോബാര്‍ ദ്വീപുകളില്‍ തെങ്ങുകൃഷി വികസനപദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്. റബ്ബര്‍, കാപ്പി, തേയില എന്നിവയുടെ
തോട്ടക്കൃഷികളും പ്രചാരത്തിലായി. ദ്വീപുകളിലെ കാര്‍ഷികവികസനത്തിന്
നാനാമുഖമായ പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. നെല്ല്, ചോളം, ഉഴുന്ന്,
തുവര, പയറ്, എണ്ണക്കുരുക്കള്‍, കരിമ്പ്, മലക്കറിസസ്യങ്ങള്‍ തുടങ്ങിയവയാണ്
പ്രധാന കൃഷികള്‍. പപ്പായ, നാരകം, മാവ്, ഓറഞ്ച് തുടങ്ങിയ ഫലവൃക്ഷങ്ങളും
വാഴയും ധാരാളമായി വളര്‍ത്തുന്നുണ്ട്. കൈതച്ചക്കയാണ് മറ്റൊരു പ്രധാന
ഉത്പന്നം. നാണ്യവിളകളെന്ന നിലയില്‍ ചണം, കശുമാവ്, എണ്ണപ്പന, സോയാത്തുവര,
മരച്ചീനി, മധുരക്കിഴങ്ങ് തുടങ്ങിയവ കൃഷിചെയ്യാനുള്ള ശ്രമവും
ആരംഭിച്ചിട്ടുണ്ട്.
നിക്കോബാര്‍ ദ്വീപുകളിലെ പ്രധാന വിളവ് നാളികേരമാണ്. പപ്പായ,
കരിമ്പ്, ചണം എന്നിവയും എണ്ണക്കുരുക്കള്‍, പരുത്തി, ഏലം, കൈതച്ചക്ക, നാരകം
തുടങ്ങിയവയും ഗണ്യമായ തോതില്‍ കൃഷി ചെയ്യപ്പെടുന്നു. റബ്ബര്‍, കാപ്പി,
കുരുമുളക് എന്നിവയുടെ തോട്ടങ്ങളും നിലവില്‍ വന്നിട്ടുണ്ട്. ഫലവൃക്ഷങ്ങളും
സമൃദ്ധമാണ്.
ജന്തുവര്‍ഗങ്ങള്‍.
ചിലയിനം പക്ഷികളും ഉരഗവര്‍ഗങ്ങളുമൊഴിച്ചാല്‍ ഈ ദ്വീപസമൂഹങ്ങളില്‍
നൈസര്‍ഗിക ജന്തുജാലം നന്നേ വിരളമാണ്. ഉഷ്ണമേഖലാരീതിയിലുള്ള നിത്യഹരിത
വനങ്ങളില്പ്പോലും വന്യമൃഗങ്ങളുടെ അഭാവം കാണാം. ചിലയിനം പന്നികളും
പെരിച്ചാഴികളും വിഷമില്ലാത്ത പാമ്പുകളുമാണ് ഇവിടെയുള്ള നൈസര്‍ഗിക
ജന്തുജാലം. ഇന്ത്യാവന്‍കരയില്‍ നിന്നും കുടിയേറിയിട്ടുള്ളവയുടെ ഗണ്യമായ
വംശാഭിവൃദ്ധി മൂലം മാന്‍വര്‍ഗങ്ങളും ചുരുക്കമിനം വന്യമൃഗങ്ങളും ഈ
വനങ്ങളില്‍ കണ്ടുവരുന്നു. ഇരപിടിക്കുന്ന പക്ഷികള്‍ ഇവിടെയില്ല; എന്നാല്‍
ചെറുപക്ഷികള്‍ ധാരാളമാണ്. കട്ചല്‍ ദ്വീപില്‍ സമൃദ്ധമായും മറ്റു
ദ്വീപുകളില്‍ സാമാന്യമായും കണ്ടുവരുന്ന ഒരിനം കിളിക്കൂട് ചൈനാക്കാരുടെയും
പൂര്‍വദേശീയരുടെയും പഥ്യമായ ഭക്ഷണസാധനമെന്ന നിലയില്‍ വിപണനവസ്തുവാണ്.
വംശനാശഭീഷണി നേരിടുന്ന ആന്‍ഡമാന്‍ വുഡ്പിജിയണ്‍ ആണ് സംസ്ഥാന പക്ഷി.
ജനവിഭാഗങ്ങള്‍.
നെഗ്രിറ്റോവംശജരായ ഇവിടത്തെ ആദിവാസികള്‍ വിവിധ വര്‍ഗങ്ങളായി
തിരിഞ്ഞിരിക്കുന്നു. ഉയരം കുറഞ്ഞ് ഇരുണ്ട നിറവും തടിച്ച ചുണ്ടുകളുമുള്ള
ആദിവാസികള്‍ക്ക് മലയായിലെ സാമന്‍ വര്‍ഗക്കാരോടും ഫിലിപ്പീന്‍സിലെ
എയ്താകളോടും സാദൃശ്യമുണ്ട്. ആദിവാസികളെ താഴെപ്പറയുന്ന രീതിയില്‍
വര്‍ഗീകരിക്കാം. (1) ആന്‍ഡമാനിവര്‍ഗം. ഇവര്‍ മധ്യ ആന്‍ഡമാന്‍, ഉത്തര
ആന്‍ഡമാന്‍ എന്നീ ദ്വീപുകളുടെ തീരപ്രദേശങ്ങളെ അധിവസിക്കുന്നു.
വിദേശികളുമായുള്ള സംബന്ധം മൂലം ഇവരുടെ തനതായ വര്‍ഗസ്വഭാവങ്ങള്‍ മിക്കവാറും
നഷ്ടപ്രായമായിട്ടുണ്ട്. (2) ലിറ്റില്‍ ആന്‍ഡമാനിലെ ഓന്‍ഗകള്‍, മധ്യദക്ഷിണ
ആന്‍ഡമാനുകളിലെ ജറുവകള്‍, ഉത്തര സെന്റിനല്‍ ദ്വീപിലെ സെന്റിനലുകള്‍
എന്നിവര്‍. മലജാതിക്കാരായ ഈ വിഭാഗക്കാര്‍ പരിഷ്കൃതസമൂഹവുമായി
ബന്ധംപുലര്‍ത്തുന്നതില്‍ തികച്ചും വിമുഖരാണ്. ഇവരുടെ ശത്രുതാപരമായ
നീക്കങ്ങള്‍ ക്രമസമാധാനപാലനത്തിനു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്.
ഇവര്‍ ദ്രുതതരമായ വംശനാശത്തെ നേരിടുകയാണ്. ഇവരെ ഇണക്കുന്നതിനായി വിമാനം
ഉപയോഗിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന സമ്പ്രദായം പരീക്ഷിച്ചുവരുന്നു.
ആദിവാസികളെ കൂടാതെയുള്ള ദ്വീപുവാസികള്‍ താഴെപ്പറയുന്നവരാണ്: (1)
നാടുകടത്തപ്പെട്ടെത്തിയവരുടെ പിന്‍തലമുറക്കാരായ ഭണ്ഡുമാപ്പിളവിഭാഗങ്ങള്‍;
(2) പൂര്‍വ പാകിസ്താന്‍ (ബാംഗ്ലാദേശ്), മ്യാന്‍മര്‍ എന്നിവിടങ്ങളില്‍
നിന്നും നിഷ്കാസിതരാക്കപ്പെട്ട് പുനരധിവാസത്തിനു വിധേയരായവര്‍; (3)
കേരളത്തില്‍നിന്നുള്ള കുടിയേറ്റക്കാര്‍; (4) ബര്‍മന്‍, കരെന്‍ എന്നീ
വര്‍ഗക്കാര്‍. മേല്പറഞ്ഞവരെ കൂടാതെ താത്കാലിക താമസക്കാരായെത്തുന്നവരുടെ
സംഖ്യയും ഗണ്യമാണ്. ഇവരില്‍ ഭൂരിഭാഗവും ഉപഭൂഖണ്ഡത്തില്‍നിന്നും
വിവിധതുറകളില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥന്‍മാരാണ്. വികസനജോലികള്‍ക്കായി
കൊണ്ടുവരപ്പെട്ട വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍, വര്‍ത്തകര്‍
തുടങ്ങിയവരും ധാരാളമായുണ്ട്.
ജാതി-മതഭേദങ്ങള്‍ക്ക് വലിയ സ്വാധീനതയില്ലാത്ത ഒരു
സാമൂഹികവ്യവസ്ഥയാണ് ഈ ദ്വീപുകളിലേത്. വിഭിന്നഭാഷകള്‍
വ്യവഹാരത്തിലുണ്ടെങ്കിലും ഹിന്ദുസ്ഥാനി പൊതുഭാഷയുടെ
നിലയിലേക്കുയര്‍ന്നിട്ടുണ്ട്. 2001 മാര്‍ച്ചിലെ സെന്‍സസ് പ്രകാരം
ആന്‍ഡമാന്‍ നിക്കോബാറിലെ ജനസംഖ്യ 356265 ആണ്. പുരുഷന്മാരുടെ എണ്ണം 192985,
സ്ത്രീകളുടെ എണ്ണം 163280. സാക്ഷരതാനിരക്ക് 65.38 ആണെന്നും
കണക്കാക്കപ്പെട്ടിട്ടുണ്ട്.
ചരിത്രം.
ടോളമിയുടെ വിവരണങ്ങളില്‍ (എ.ഡി. 2-ാം ശ.) ആന്‍ഡമാനിനെ സംബന്ധിച്ച
പ്രതിപാദ്യമുണ്ട്; ദ്വീപിന് ആഗ്മാതേ (Agmatae) എന്നാണ് പേര്‍
നല്കപ്പെട്ടിട്ടുള്ളത്. ചൈനീസ് സഞ്ചാരിയായ ഇത്സിങ്ങും (672) ഈ ദ്വീപിനെ
പരാമര്‍ശിച്ചിട്ടുണ്ട്. എ.ഡി. 9-ാം ശ.-ത്തില്‍ അറബിവര്‍ത്തകന്‍മാര്‍
തയ്യാറാക്കിയ പൂര്‍വദേശങ്ങളെ സംബന്ധിക്കുന്ന കുറിപ്പുകള്‍ ആന്‍ഡമാന്‍
ദ്വീപസമൂഹത്തിന്റെ വിവരണം ഉള്‍ക്കൊള്ളുന്നു; നരഭോജികളുടെ നാടായാണ് ഇതിനെ
രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ക്കോ പോളോയുടെ രേഖകളില്‍ 'ആന്‍ഗമാന്‍' എന്ന
പേരിലുള്ള ഇരട്ട ദ്വീപസമൂഹങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.
മധ്യകാലസഞ്ചാരിയായ ഫ്രയര്‍ ഓഡറിക് (1322) ആണ് ആന്‍ഡമാനെക്കുറിച്ചുള്ള വിവരം
നല്കിയ മറ്റൊരു വ്യക്തി. 'സ്വര്‍ണത്തിന്റെ ദ്വീപുകളായ' ആന്‍ഡമാനിനെ
നിക്കോളോ കോണ്‍ടി(1430)യും പരാമര്‍ശിച്ചു കാണുന്നു.
മലയാക്കാര്‍ ഈ ദ്വീപുകളെ ആസ്ഥാനമാക്കി കടല്‍ക്കൊള്ളകള്‍
നടത്തുകയും, ദ്വീപുവാസികളെ അടിമകളാക്കി വിദൂര പൂര്‍വദേശത്ത് വില്പന
നടത്തുകയും ചെയ്തുപോന്നു. തദ്ദേശീയരെ ഹണ്ടുമാന്‍ എന്നാണ് മലായ് ജനത
വിളിച്ചുപോന്നത്; ഈ പദം 'ഹനുമാന്‍' എന്നതിന്റെ തദ്ഭവമായി കരുതപ്പെടുന്നു.
നിക്കോബാര്‍ ദ്വീപുകളെ സംബന്ധിച്ചുള്ള നിരവധി പരാമര്‍ശങ്ങളും
യാത്രാവിവരണങ്ങള്‍ ഉള്‍ക്കൊണ്ടു കാണുന്നു. ഇത്സിങ്ങിന്റെ കുറിപ്പുകളിലുള്ള
ലോജെന്‍ കുവോ (നഗ്നരുടെ നാട്), നാലോ കിയോ ചാന്‍ (നാളികേര ദ്വീപുകള്‍)
എന്നീ പ്രദേശങ്ങള്‍ നിക്കോബാര്‍ ദ്വീപുകളാണെന്ന് അനുമാനിക്കപ്പെടുന്നു.
അറബിസഞ്ചാരികള്‍ ഈ ദ്വീപുകള്‍ക്ക് 'നജാബുലസ്' എന്നാണ് പേര്‍ നല്കിയത്.
11-ാം ശ.-ത്തില്‍ രാജേന്ദ്രചോളന്‍ കക-ാമന്റെ ആക്രമണത്തിനു വിധേയമായ
നക്കാവരം (നഗ്നരുടെ നാട്) നിക്കോബാര്‍ ദ്വീപുകളായിരുന്നു.
കാര്‍നിക്കോബാറിന് കാര്‍ദ്വീപ് എന്നും, ഗ്രേറ്റര്‍ നിക്കോബാറിന് നാഗദ്വീപ്
എന്നും പേര്‍ കല്പിച്ചിരിക്കുന്നു.
15-ഉം 16-ഉം ശ.-ങ്ങളില്‍ പോര്‍ച്ചുഗീസ് മിഷണറിമാര്‍ സമീപസ്ഥമായ
മോര്‍ഗോയ് ദ്വീപുകളില്‍ താവളമുറപ്പിച്ചുകൊണ്ട് നിക്കോബാര്‍
നിവാസികള്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുവാനുള്ള ശ്രമം നടത്തി.
ആര്‍ട്ടിക് പര്യവേക്ഷകനായ ജോണ്‍ ഡേവീസും (1599), ബ്രിട്ടീഷ് നാവികനായ സര്‍
ജോസ് ലങ്കാസ്റ്ററും (1602), സ്വീഡന്‍കാരനായ അന്വേഷണസഞ്ചാരി കീപ്പിങ്ങും
നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിച്ചിരുന്നു. 1711-ല്‍ കാര്‍നിക്കോബാറില്‍
മതപ്രചാരണാര്‍ഥം താമസമുറപ്പിച്ച ജെസ്യൂട്ട് പുരോഹിതന്‍മാര്‍ കാലാവസ്ഥയുടെ
പ്രാതികൂല്യം നിമിത്തം മരണമടഞ്ഞു. 1756-ല്‍ ഡച്ചു ഗവണ്‍മെന്റ് നിക്കോബാര്‍
ദ്വീപുകളില്‍ അധീശത്വം ഉറപ്പിച്ചു. ഗ്രേറ്റ് നിക്കോബാറില്‍ ഉറപ്പിച്ച
അധിവാസം, 1760-ല്‍ കാമോര്‍തയിലേക്കു മാറ്റി. 1766 ആയപ്പോഴേക്കും ഡച്ചുകാര്‍
ദ്വീപിലെ താമസം ഉപേക്ഷിച്ച് മടങ്ങിപ്പോയി. 1778-ല്‍ ആസ്റ്റ്രിയ ഇവിടെ
കോളനി ഉറപ്പിക്കാന്‍ ശ്രമിച്ചു.; കാമോര്‍തയില്‍ ഒരു കോട്ട പണിയിക്കുകയും
ചെയ്തു. എന്നാല്‍ ഡച്ചുകാരുടെ എതിര്‍പ്പുമൂലം ഈ ശ്രമം ഉപേക്ഷിക്കേണ്ടി
വന്നു. 1807-ല്‍ ബ്രിട്ടീഷുകാര്‍ ഈ ദ്വീപസമൂഹം കൈയടക്കി; 1814-ല്‍ വീണ്ടും
ഡച്ചധീനതയിലായി. 1749-ല്‍ ഡച്ചുകാര്‍ ഈ ദ്വീപുകള്‍ പരിപൂര്‍ണമായും
ഉപേക്ഷിച്ചു.
നാന്‍കൗറിയും എക്സ്പെഡിഷന്‍ ഹാര്‍ബറും താവളമാക്കിക്കൊണ്ട് വിവിധ
ദേശീയരായ കടല്‍ക്കൊള്ളക്കാര്‍ നാനാവിധമായ അക്രമങ്ങള്‍
പ്രാന്തസമുദ്രങ്ങളില്‍ നടത്തിയിരുന്നു. ഇതിന് അറുതി വരുത്തുവാനായി
ബ്രിട്ടീഷുകാര്‍ 1869-ല്‍ ഈ ദ്വീപുകള്‍ കൈയടക്കുകയും അവിടെ
നാടുകടത്തപ്പെടുന്ന കുറ്റവാളികളുടെ അധിവാസകേന്ദ്രം ഉറപ്പിക്കുവാന്‍
ശ്രമിക്കുകയും ചെയ്തു. ഈ ശ്രമവും വിജയിച്ചില്ല. 1884-ല്‍ ചൈനീസ്
കുടിയേറ്റക്കാരുടെ കോളനി സ്ഥാപിക്കുവാനുള്ള നീക്കവും പരാജയപ്പെട്ടു.
നിക്കോബാര്‍ ദ്വീപുകളിലെപ്പോലെ ആന്‍ഡമാനിലും തദ്ദേശീയരായ
നെഗ്രിറ്റോവര്‍ഗക്കാരുടെ ആധിപത്യം തുടര്‍ന്നുപോന്നു. 1789-ല്‍ ബ്രിട്ടീഷ്
ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം ആര്‍ച്ച്ബാള്‍ഡ് ബ്ലെയര്‍ ഇന്നത്തെ
പോര്‍ട്ട് ബ്ലെയറില്‍ അധിവാസം ഉറപ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഈ
കോളനി വടക്കോട്ടു നീങ്ങി പോര്‍ട്ട് കോണ്‍വാലിസില്‍ പാര്‍പ്പുറപ്പിച്ചു.
മലേറിയാബാധമൂലം 1796-ല്‍ ദ്വീപുകള്‍വിട്ടു പോരുവാന്‍ ഈ കോളനിക്കാര്‍
നിര്‍ബന്ധിതരായി. 1857-ല്‍ ഒന്നാം ഇന്ത്യന്‍
സ്വാതന്ത്ര്യസമരത്തെത്തുടര്‍ന്ന് തടവുകാരാക്കപ്പെട്ട ദേശാഭിമാനികളെ
ആന്‍ഡമാനിലേക്കു നാടുകടത്തി. ഇതേത്തുടര്‍ന്ന് ദീര്‍ഘകാലതടവിനു
ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാരെയും ബര്‍മാക്കാരെയും
ആന്‍ഡമാനിലേക്കയയ്ക്കുക എന്നത് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഒരു
നയമായിത്തീര്‍ന്നു. മലബാര്‍ ലഹളയോടനുബന്ധിച്ച് തടവുകാരാക്കപ്പെട്ട
മിക്കയാളുകളെയും ആന്‍ഡമാനിലേക്കയയ്ക്കുകയുണ്ടായി. ആന്‍ഡമാന്‍-നിക്കോബാര്‍
പ്രദേശം ശിക്ഷിക്കപ്പെടുന്നവരുടെ കോളനിയായി (penal settlement). രണ്ടാം
ലോകയുദ്ധത്തിനിടയില്‍ (1942) ജപ്പാന്‍കാര്‍ ഇവിടെ ആധിപത്യം
ഉറപ്പിച്ചുവെങ്കിലും 1945-ല്‍ വീണ്ടും ഈ ദ്വീപുകള്‍ ബ്രിട്ടീഷധീനതയിലായി;
തുടര്‍ന്ന് ദ്വീപുനിവാസികള്‍ക്ക് പൊതുമാപ്പ് നല്കപ്പെട്ടു. ഇന്ത്യ
സ്വാതന്ത്ര്യം പ്രാപിച്ചതിനെത്തുടര്‍ന്ന് യൂണിയന്‍ പ്രദേശമായിത്തീര്‍ന്ന
ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ ക്രമമായ വികസനത്തിനും പുരോഗതിക്കും
വിധേയമായിത്തീര്‍ന്നിരിക്കുന്നു.
സമ്പദ്ഘടന.
സാങ്കേതിക വികാസത്തിന്റെ കുറവുമൂലം പ്രവിശ്യയിലെ വിഭവസമ്പത്ത്
തൃപ്തികരമായി ചൂഷണം ചെയ്യുവാന്‍ സാധിച്ചിട്ടില്ല. വിഭവങ്ങളുടെ വിതരണക്രമം
സംബന്ധിച്ച ശാസ്ത്രീയമായ അറിവ്, യന്ത്രസാമഗ്രികള്‍, ഗതാഗതസൗകര്യങ്ങള്‍,
വിദഗ്ധവും അവിദഗ്ധവുമായ കായികശക്തി എന്നിവയുടെ അഭാവം വികസനസാധ്യതകളെ
തടസ്സപ്പെടുത്തുന്നു.
വനവിഭവങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത്.
ഉപഭൂഖണ്ഡത്തില്‍നിന്നും കൊണ്ടുവരപ്പെട്ട ആനകളുടെ സഹായത്തോടെ തടി കയറ്റുമതി
വികസിപ്പിച്ചിരിക്കുന്നു. പ്ലെവുഡ്, തീപ്പെട്ടി തുടങ്ങിയവ
നിര്‍മിക്കുന്നതിനുള്ള ഫാക്ടറികള്‍ പോര്‍ട്ട് ബ്ലെയറിലും മറ്റു
കേന്ദ്രങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വാര്‍ണിഷ്, ന്യൂസ്പ്രിന്റ്,
ചൂരല്‍സാധനങ്ങള്‍ തുടങ്ങിയവയുടെ വന്‍തോതിലുള്ള നിര്‍മാണത്തിനും
പദ്ധതികളുണ്ട്. തെങ്ങുകൃഷി വിപുലമായി നടന്നുപോരുന്നതിനാല്‍
കയര്‍വ്യവസായത്തിനു ധാരാളം വികസനസാധ്യതകളുണ്ട്. കൊപ്രാ കയറ്റുമതി
അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. മത്സ്യബന്ധനം ശാസ്ത്രീയമായി
വികസിപ്പിക്കുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
കവചമത്സ്യങ്ങളുടെ സമൃദ്ധി, ബട്ടണ്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങിയവ
കുടില്‍വ്യവസായമെന്ന നിലയില്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത ഒരുക്കുന്നു.
പവിഴങ്ങളുടെയും വിറകുവൃക്ഷങ്ങളുടെയും ബാഹുല്യം നീറ്റുചുണ്ണാമ്പ്
വ്യവസായത്തിന് പ്രോത്സാഹകമാണ്.
ഫലവര്‍ഗങ്ങള്‍ പ്രവിശ്യയിലൊട്ടാകെ ധാരാളമായി കൃഷി ചെയ്യുന്നു.
തോട്ടക്കൃഷിയായി ഫലവര്‍ഗങ്ങള്‍ ഉത്പാദിപ്പിച്ച് കാനിംഗ് വ്യവസായം
അഭിവൃദ്ധിപ്പെടുത്താവുന്നതാണ്. പാക്കിംഗ് കേസുകളുടെ നിര്‍മാണമാണ്
വികസനസാധ്യതയുള്ള മറ്റൊരു വ്യവസായം. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍
കല്‍ക്കരി, ഇരുമ്പ്, രത്നങ്ങള്‍ തുടങ്ങിയവയുടെ സമ്പന്നനിക്ഷേപങ്ങളുള്ളതായി
അനുമാനിക്കപ്പെടുന്നു.
കാര്‍ഷികരംഗത്ത് നാനാമുഖമായ പുരോഗതിക്കു സാധ്യതയുണ്ട്. നെല്ലരിയാണ്
ദ്വീപുനിവാസികളുടെ മുഖ്യാഹാരം. ഭക്ഷ്യവിഷയത്തില്‍ ഈ പ്രവിശ്യ
സ്വയംപര്യാപ്തമാണ്. കായികശക്തിയുടെ അഭാവമാണ് പ്രവിശ്യയുടെ പുരോഗതി
മന്ദീഭവിപ്പിക്കുന്നത്. ഉപഭൂഖണ്ഡത്തില്‍ നിന്നും ആന്‍ഡമാനിലേക്കുള്ള
കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നു. സഹകരണാടിസ്ഥാനത്തിലുള്ള
കുടില്‍-ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഗവണ്‍മെന്റിന്റെ
നയം.
സമുദ്രസമ്പത്ത്.
ദ്വീപുകളില്‍ ആകെയുള്ള 1920 കി.മീ. തടരേഖ പൊതുവേ വ്യാപകമായ
മത്സ്യബന്ധനത്തിന് ഉചിതമാണ്; മത്തി, അയില, ചൂര, കൊഞ്ച്, ചാള തുടങ്ങിയ
മത്സ്യങ്ങള്‍ കൂടാതെ സ്രാവ്, മുത്തുച്ചിപ്പി എന്നിവയും ആന്‍ഡമാന്‍
കടലുകളില്‍ സമൃദ്ധമാണ്. മേല്പറഞ്ഞവ കൂടാതെ ട്രോക്കസ് (Trochus), ടര്‍ബോ
(Turbo) എന്നീ വര്‍ഗങ്ങളില്‍പ്പെട്ട കവചിതമത്സ്യങ്ങളും ഇവിടെ സുലഭമാണ്;
ഇവയുടെ തോടുകള്‍ ബട്ടണ്‍ ഉണ്ടാക്കുന്നതിനും അലങ്കാരവസ്തുക്കളുടെ
നിര്‍മാണത്തിനും ഉപയോഗിക്കുന്നു. പല്‍പ്പൊടി നിര്‍മാണത്തിനും ഇവ
പ്രയോജനപ്പെടുത്താറുണ്ട്. വിവിധയിനം പവിഴപ്പുറ്റുകളുടെ കാര്യവും
ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതുണ്ട്.
ഉപഭൂഖണ്ഡത്തില്‍ നിന്നും കൊണ്ടുവരപ്പെട്ട ആന, എരുമ, പശു
തുടങ്ങിയവയുടെ വളര്‍ച്ചയ്ക്കും വംശാഭിവൃദ്ധിക്കും അനുകൂലമായ
പരിതഃസ്ഥിതികളാണ് ഈ ദ്വീപുകളിലുള്ളത്. കോഴിവളര്‍ത്തലും ഇവിടെയുണ്ട്.
ഗതാഗതസൗകര്യങ്ങള്‍.
കൊല്ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്ക് കപ്പല്‍ബന്ധം
ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ക്കത്തയിലേക്കും ചെന്നൈയിലേക്കും പോര്‍ട്ട്
ബ്ലെയറില്‍നിന്നു വിമാനസര്‍വീസുമുണ്ട്.
തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറാണ് മുഖ്യനഗരം; ഉപഭൂഖണ്ഡവുമായുള്ള
ഗതാഗതബന്ധത്തിന്റെ കേന്ദ്രവും പോര്‍ട്ട് ബ്ലെയര്‍തന്നെ.
വൈദ്യുതസൗകര്യങ്ങളും ജലവിതരണവ്യവസ്ഥയുമുള്ള ഈ നഗരത്തെ ദ്വീപിലെ
മറ്റധിവാസകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ധാരാളം ടാര്‍ റോഡുകളുണ്ട്.
ഭരണസംവിധാനം.
ഇന്ത്യന്‍ റിപ്പബ്ലിക്കിലെ യൂണിയന്‍ ഭരണ പ്രവിശ്യയെന്ന നിലയില്‍
ആന്‍ഡമാന്‍-നിക്കോബാറിലെ ഭരണത്തലവന്‍ ഇന്ത്യാ ഗവണ്‍മെന്റിനാല്‍
നിയുക്തനാവുന്ന ചീഫ് കമ്മീഷണറാണ്. 1982 ന. 12-ന് ചീഫ് കമ്മീഷണറുടെ പദവി
ലഫ്റ്റനന്റ് ഗവര്‍ണറായി ഉയര്‍ത്തപ്പെട്ടു. ഇവിടെ നിന്ന് ഒരു ലോക്സഭാംഗവും
തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. നീതിന്യായ നിര്‍വഹണം കൊല്ക്കത്താ
ഹൈക്കോടതിയുടെ അധികാരവ്യാപ്തിയില്പ്പെടുന്നു. ഹിന്ദി, ബംഗാളി, മലയാളം,
തെലുഗു, പഞ്ചാബി, തമിഴ്, നിക്കോബാറീസ്, ഇംഗ്ലീഷ് എന്നിവയാണ്
ഔദ്യോഗികഭാഷകള്‍. ഭരണസൗകര്യത്തിനായി ഈ യൂണിയന്‍ ടെറിറ്ററിയെ ആന്‍ഡമാന്‍,
നിക്കോബാര്‍ എന്നു രണ്ടു ജില്ലകളായി വിഭജിച്ചിട്ടുണ്ട്.
No comments:
Post a Comment