ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, [1] പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർവ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു.[2] സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു.
സമരം
ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകൾ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു. ജാപ്പനീസ് സൈന്യം ഇന്ത്യ-ബർമ്മ അതിർത്തിവരെ എത്തിയതിൽ വിഹ്വലരായിരുന്ന ബ്രിട്ടീഷുകാർ ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ഗാന്ധിയെ പൂനെയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലടച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വമായ കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയെ മുഴുവൻ അഹ്മദ്നഗർ കോട്ടയിൽ തടവിലടച്ചു. ബ്രിട്ടീഷുകാർ കോൺഗ്രസ് പാർട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികൾ തൊഴിൽസ്ഥലങ്ങളിൽ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങൾ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവർത്തനങ്ങളും നടന്നു. ഇന്ത്യൻ അധോലോക സംഘടനകൾ സഖ്യകക്ഷികളുടെ സേനയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹന നിരകളിൽ ബോംബ് ആക്രമണങ്ങൾ നടത്തി, സർക്കാർ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ തകർത്തു. മുസ്ലീം ലീഗ് ഉൾപ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴിൽ ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല. എങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂർദ്ധന്യത്തിൽ കോൺഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്ത പിന്തുണ ലഭിച്ചു.ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വൻതോതിൽ അറസ്റ്റുകൾ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകൾ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.
No comments:
Post a Comment