“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, August 22, 2014

സഹോദരൻ അയ്യപ്പൻ


കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളാണ് സഹോദരൻ അയ്യപ്പൻ (ഓഗസ്റ്റ് 22, 1889 - മാർച്ച് 6, 1968). ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച ഒരു വ്യക്തിയായിരുന്നു സഹോദരൻ അയ്യപ്പൻ.[1] ഓജസ്സു നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും-വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു അയ്യപ്പൻ.
1928 ൽ കൊച്ചിനിയമസഭയുടെ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
ഗാന്ധിജിയുടെ ആദർശങ്ങളോട് പൂർണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അയ്യപ്പൻ ആരാധിച്ചിരുന്നു.[2] 

സഹോദരൻ അയ്യപ്പൻ പിറന്ന വീട് 
കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താൽപര്യമുള്ളയാളായിരുന്നു അയ്യപ്പൻ. ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന അയ്യപ്പനിൽ മിശ്രഭോജനം എന്ന വിപ്ലവകരമായ കാര്യം ചെയ്യാൻ, അതിനും ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന റഷ്യൻവിപ്ലവത്തിന്റെ ആദ്യഘട്ടവും ഒരു കാരണമായിരിക്കാം.[3]

1889 ഓഗസ്റ്റ് 22-ന് എറണാകുളത്ത് വൈപ്പിൻ ദ്വീപിലെ ചെറായിയിൽ കു‌മ്പളത്ത് പറമ്പിൽ എന്ന പുരാതന കുടുംബത്തിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി ജനിച്ചു.[4][5] കൊച്ചാവു-ഉണ്ണൂലി ദമ്പതികളുടെ ഒമ്പതു മക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു അയ്യപ്പൻ.[6] അയ്യപ്പന് രണ്ടുവയസ്സുള്ളപ്പോൾ തന്നെ പിതാവ് അകാലചരമമടഞ്ഞു. പിന്നീട് അയ്യപ്പൻ, ജേഷ്ഠനായ അച്ച്യുതൻ വൈദ്യരുടെ സംരക്ഷണയിലാണ് വളർന്നത്. ജ്യേഷ്ഠൻ അച്യുതൻ വൈദ്യർ ആയിരുന്നു അയ്യപ്പനു പ്രചോദനം. അയ്യപ്പന്റെ വളർച്ചയിൽ വളരെ വലിയ ഒരു പങ്കു വഹിച്ചിട്ടുള്ള ആളായിരുന്നു അച്യുതൻ വൈദ്യർ.[7] അനുസരണശീലവും കൃത്യനിഷ്ഠയും ആ പ്രകൃതത്തിൽ കലർന്നിരുന്നു. അതുകൊണ്ടു എല്ലാവർക്കും ആ ബാലനെ വളരെയധികം ഇഷ്ടമായിരുന്നു. ചെറായിയിൽ കണ്ണുആശാന്റെ കളരിയിൽ ആദ്യം ചേർന്നു.അവിടെ വെച്ച് നിലത്തെഴുത്ത് പഠിച്ചുതീർത്തു. അതിനുശേഷം ചെറായിയിൽ തന്നെയുള്ള കൊച്ചുപിള്ള ആശാന്റെ കളരിയിൽ ചേർന്ന്ഔഷധിവർഗവും അമരകോശവും പഠിച്ചു.[8]

വിദ്യാഭ്യാസം

ചെറായിയിൽ അച്യുതൻ വൈദ്യരുടെ ഉത്സാഹത്തിൽ തുടങ്ങിയ സ്കൂളിൽ ഒരു വർഷത്തെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പറവൂർ ഇംഗ്ലീഷ് ഹൈസ്കൂളിൽ അയ്യപ്പന്റെ താൽപര്യപ്രകാരം ഇംഗ്ലീഷ് പഠിക്കാനായി ചേർന്നു. ഹൈസ്കൂളിൽ ചരിത്രവും,സംസ്കൃതവുമാണ് ഐഛികമായി എടുത്തു പഠിച്ചത്. പറവൂരിലെ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജാതിചിന്തയുടെ നീച ലക്ഷണങ്ങൾ അയ്യപ്പൻ കണ്ടു തുടങ്ങിയിരുന്നു.പറവൂരിലേക്കു പോകുന്നവഴി, നായന്മാർക്ക് അയ്യപ്പനും മറ്റു താഴ്ന്ന ജാതിയിലെക്കുട്ടികളും വഴി മാറിക്കൊടുക്കേണ്ടിവന്നിരുന്നു.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. തർക്കശാസ്ത്രം, സംസ്കൃതം, മലയാളം എന്നീ വിഷയങ്ങളാണ് ഐഛികമായി തിരഞ്ഞെടുത്തത്. കോളേജിനു തന്നെ അടുത്തുള്ള ഒരു വീട്ടിലാണ്അയ്യപ്പൻ താമസിച്ചിരുന്നത്. ഈ സമയത്താണ് അയ്യപ്പനിൽ പുസ്തകപാരായണ ശീലം വളർച്ചപ്രാപിക്കുന്നത്.[9] കോഴിക്കോട്ടെ പഠനത്തിനുശേഷം മദ്രാസിൽ മെഡിക്കൽ കോളേജിൽ ചേരണമെന്നതായിരുന്നു അയ്യപ്പന്റെ ആഗ്രഹമെങ്കിലും, അതിനുവേണ്ടി വരുന്ന കനത്തതുക സമാഹരിക്കാൻ യാതൊരു വഴിയും കാണാത്തതുകൊണ്ട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ തത്ത്വശാസ്ത്രം ഐഛികമായി എടുത്ത് ബിരുദപഠനത്തിനു ചേരുകയായിരുന്നു. ഇവിടെ കൃത്യസമയത്ത് ഫീസ് നൽകാനാവാഞ്ഞതുകൊണ്ട് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പഠനം പൂർത്തിയാക്കാതെ തിരികെ സ്വദേശത്തേക്കു മടങ്ങി. കോളേജിൽ വെച്ചാണ് അയ്യപ്പൻ ശ്രീനാരായണഗുരുവിനെ ആദ്യമായി കാണുന്നത്, എന്നാൽ അദ്ദേഹത്തെ നേരിട്ടു കണ്ടു സംസാരിക്കാൻ അയ്യപ്പനു കഴിഞ്ഞിരുന്നില്ല.[10]
ചെറായിയിൽ വെച്ച് ശ്രീനാരായണഗുരുവുമായി സംസാരിക്കുകയും, അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ആലുവ അദ്വൈതാശ്രമത്തിൽ ചെന്ന് ഗുരുവിനെ നേരിട്ടു കാണുകയും ചെയ്തു. പിന്നീട് ശ്രീനാരായണ ഗുരുവിന്റെ പ്രേരണയും സഹായവും കൊണ്ട് അയ്യപ്പൻ പഠനം തുടർന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സംസ്കൃതവും ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത് ബി.എയ്ക്ക് ചേർന്നു. തിരുവനന്തപുരത്തെ പഠനജീവിതത്തിനിടയിലാണ് കുമാരനാശാനുമായി അടുക്കുന്നത്. ഇവർ തമ്മിൽ ഒരു സൗഹൃദത്തിനുപരിയായ ബന്ധം രൂപപ്പെട്ടു വന്നു.

അദ്ധ്യാപകൻ

ബി.എ.ബിരുദം പാസ്സായശേഷം നാട്ടിലെത്തിയ അയ്യപ്പന് ചെറായിയിൽ തന്നെയുള്ള യൂണിയൻ സ്കൂളിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. മാസം നാൽപതു രൂപയായിരുന്നു ശമ്പളം. വളരെ മികച്ചൊരു അദ്ധ്യാപകനായിരുന്നു അയ്യപ്പൻ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ഇക്കാലത്ത് നാട്ടുകാർ അദ്ദേഹത്തെ അയ്യപ്പൻ മാസ്റ്റർ എന്നു വിളിച്ചുപോന്നു, അദ്ധ്യാപനത്തിലെന്നപോലെ പൊതുകാര്യങ്ങളിലും അദ്ദേഹം സജീവമായി ഇടപെടാൻ തുടങ്ങി.[11]
പിന്നീട് ഒരു തവണകൂടി അദ്ദേഹം അദ്ധ്യാപകവേഷം അണിഞ്ഞിട്ടുണ്ട്. വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തുന്ന സമയത്ത് നിയമപഠനം നടത്തണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായി. പഠനചിലവിനായി എന്തെങ്കിലും ജോലി അന്വേഷിക്കേണ്ടതായി വന്നു.[12] തിരുവനന്തപുരത്ത് വിദ്യാഭ്യാസവകുപ്പിൽ അദ്ധ്യാപകജോലിക്കായി ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. അവസാനം കുമാരനാശാന്റെ ശുപാർശയിൽ തിരുവിതാംകൂർ ദിവാനായിരുന്ന എം.കൃഷ്ണൻനായർ അയ്യപ്പന് ചാല സ്കൂളിൽ അദ്ധ്യാപകനായി ജോലി നിയമനം നൽകി. 60 രൂപയായിരുന്നു അദ്ദേഹത്തിന്റ മാസശമ്പളം. ജോലിയോടൊപ്പം പഠനവും തുടർന്നുകൊണ്ടുപോയെങ്കിലും, അദ്ധ്യാപകവൃത്തിയോടുള്ള ആത്മാർത്ഥതകാരണം പഠനം തൃപ്തികരമായി മുന്നോട്ടുകൊണ്ടു പോകാൻ കഴിഞ്ഞില്ല.[13]

സാമൂഹികപ്രവർത്തനങ്ങൾ

തിരുവനന്തപുരത്ത് പഠിക്കുമ്പോൾ തന്നെ സാമുദായികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്രസംഗം, ലേഖനങ്ങൾ, എസ്.എൻ.ഡി.പി യോഗപ്രവർത്തനം എന്നിവയായിരുന്നു പ്രധാനം. ഇതിനിടയ്ക്ക് കുറേ കവിതകൾ എഴുതി. ഇക്കാലത്താണ് മഹാകവി കുമാരനാശാനുമായി സഹവാസമുണ്ടായത്. സാമുദായിക പരിഷ്കരണം ലക്ഷ്യമാക്കി കവിതകൾ രചിക്കാൻ അയ്യപ്പന് കുമാരനാശാൻ ശക്തമായി പ്രേരണ നൽകി. ബി.എ പാസ്സായ ശേഷം ‘അയ്യപ്പൻ ബി.എ’ എന്ന് പരക്കെ അറിയപ്പെട്ടു.

മിശ്രഭോജനം

സമുദായത്തിൽ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായി അദ്ദേഹം പ്രവർത്തനരംഗത്തിറങ്ങി. സമൂഹത്തിൽ അർബുദം പോലെ പടർന്നിരിക്കുന്ന ജാതിവിവേചനം ഉൻമൂലനം ചെയ്യുന്നതിനെക്കുറിച്ച് അയ്യപ്പൻ ഗാഢമായി ചിന്തിച്ചിരുന്നു. ഇതേ ചോദ്യം അദ്ദേഹം ശ്രീനാരായണഗുരുവിനോടും ചോദിക്കുകയുണ്ടായി. ജാതിക്കെതിരായി പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ, മറിച്ച് നമ്മുടെ അനുയായികളുടെ മനസ്സിൽ നിന്നു തന്നെ അതു നീക്കം ചെയ്യാൻ വേണ്ടതു പ്രവർത്തിക്കേണ്ടതുണ്ടെന്ന ശ്രീനാരായണഗുരുവിന്റെ ഉപദേശം അയ്യപ്പന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.[14]
ചെറായിയിൽ 1917 മേയ് 29-ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി മിശ്രഭോജനം നടത്താൻ അയ്യപ്പനും സുഹൃത്തുക്കളും തീരുമാനിച്ചു. സ്നേഹിതനായ കെ.കെ.അച്യുതൻ മാസ്റ്റർക്കു പരിചയമുള്ള വള്ളോൻ, ചാത്തൻ എന്നീ അധകൃതവിദ്യാർത്ഥികളെ മിശ്രഭോജനത്തിൽ പങ്കെടുപ്പിക്കാമെന്നു തീരുമാനിച്ചു, പന്ത്രണ്ടുപേർ ഒപ്പു വെച്ച ഒരു നോട്ടീസ് പുറത്തിറക്കി. തീരുമാനിച്ച ദിവസം, അവിടെ ഒരു സമ്മേളനം നടത്തിയശേഷം തയ്യാറാക്കിയ ഭക്ഷണം ഈ വിദ്യാർത്ഥികളുടെ കൂടെ ഇരുന്ന് അയ്യപ്പനും സുഹൃത്തുക്കളും കഴിച്ചു.[15] മിശ്രഭോജനം, ചെറായിയിലെ സാമുദായികജീവിതത്തിൽ പുതിയ ശക്തിവിശേഷങ്ങൾക്കു കാരണമായി. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന പേർ കിട്ടി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു.[16][17]
പ്രതീക്ഷിച്ചതിനേക്കാളും ഭയങ്കരമായിരുന്നു പ്രതികരണം. അയ്യപ്പന്റെ ജാതിനശീകരണപ്രസ്ഥാ‍നം യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിർപ്പിനെ നേരിടേണ്ടിവന്നു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ ചെറായിയിലെ ഈഴവരുടെ സംഘടനയായ വിജ്ഞാനവർദ്ധിനിസഭയിൽ നിന്ന് പുറത്താക്കി. അവർക്ക് സമുദായഭ്രഷ്ട് കല്പിച്ചു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ പല വീട്ടിലും കയറ്റാതായി.[18] വിജ്ഞാനവർദ്ധിനി സഭയുടെ നേതാക്കൾ അയ്യപ്പനെ നാടുകടത്തണം എന്ന ആവശ്യവുമായി മഹാരാജാവിനെ സമീപിച്ചു. തീണ്ടൽ മുതലായ കാര്യങ്ങളിൽ അയ്യപ്പൻ നടത്തുന്ന പുരോഗനമപരമായ കാര്യങ്ങളെ പിന്തുണക്കാനാണ് രാജാവ് നിവേദകസംഘത്തോട് പറഞ്ഞത്, കൂടാതെ തന്നെ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ അയ്യപ്പൻ മുഖാന്തിരം അറിയിച്ചാൽ മതിയെന്നും ഉത്തരവിട്ടു.[19]
ശ്രീനാരായണഗുരു മിശ്രഭോജനത്തിന് അനുകൂലിയല്ല എന്ന് വരുത്തി തീർക്കാനായി യാഥാസ്ഥിതികരായ ചിലർ ഒരു ശ്രമം നടത്തിനോക്കി. കുപ്രചരണം ശക്തിപ്പെട്ടപ്പോൾ അയ്യപ്പൻ സംശയനിവർത്തിക്കായി ശ്രീനാരായണ ഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും, വലിയൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് സ്വാമി അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്തു ( “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവും ഇല്ല”).[20][21] ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ ചെറായിലും പരിസരപ്രദേശത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. അതോടെ യഥാസ്ഥിതികരുടെ പത്തി താഴ്ന്നു.


 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS