പൂർവ്വവിദ്യാർത്ഥി സമ്മേളനം
പള്ളം ഗവ.യു.പി.സ്‌കൂളിൽ പഠിച്ചു ജയിച്ചുപോയ 1981 ബാച്ചിലെ (STD VII ) വിദ്യാർത്ഥികൾ തങ്ങളുടെ ആദ്യവിദ്യാലയം തേടി ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിൽ ഒരുമിച്ചു ചേർന്നത് അത്യന്തം മധുരിതമായ ഒരു പകൽ ആയി മാറി.
നാല്പത്തിയൊന്നാം വർഷത്തിലെ ഈ സംഗമത്തിന് അവർ പുനർജ്ജനി എന്നാണ് പേരിട്ടത്...! എത്ര അനുയോജ്യമായ പേര് ...!
2022 ജൂൺ 5 പരിസ്ഥിതി ദിനത്തിലാണ് ഈ പഴയ കുട്ടികളിൽ പത്തൊൻപതുപേരോളം ഇവിടെ ഒന്നു ചേർന്ന് പഴയ ദിനങ്ങളെ ഓർമ്മിച്ചത്.
കഴിഞ്ഞ കുറേ നാളുകളിലെ സ്‌നേഹനിർഭരമായ ഫോൺ വിളികളും സന്ദേശമയയ്ക്കലും ഒക്കെയാണ് ഇവരെ ഒരിക്കൽക്കൂടി പഴയ സ്‌കൂളിൽ എത്തിച്ചത്. അന്നത്തെ പഴയ ബെല്ലടിക്കാരനായിരുന്ന വിനോദ് എന്ന കുട്ടി തന്നെയാണിന്നും ഫസ്റ്റ് ബെല്ലടിച്ചത്. സ്‌കൂളിൽ വന്നപ്പോൾ മുതൽ പുള്ളിക്കാരൻ മണിയും കൊട്ടുവടിയും തിരക്കിനടപ്പായിരുന്നു. ഒപ്പം പഴയകൂട്ടുകാരും... എന്തായാലും കയ്യിൽ കിട്ടിയപാടെ അത് തൂത്തു മിനുക്കി ,കൊളുത്തിൽ കമ്പി തൂക്കി,അതിൽ മണിയും തൂക്കിയിട്ടിട്ടാണ് കക്ഷി ശ്വാസം വിട്ടത്. തുടർന്ന് ഇപ്പോഴത്തെ മൂന്നാം ക്‌ളാസ്സിലെ ബെഞ്ചുകളിൽ അവർ ഒരുമിച്ചുകൂടി. മണിയടിക്കാരനായ ആ കുട്ടി മണിയടിച്ച് മണിയടിച്ച് രോമാഞ്ചപൂരിതനായി.. ( ഹോ .. എന്തൊരു സന്തോഷം..)..
അഖിലാണ്ഡലമണ്ഡലം പാടി ... തുടർന്ന് മൺമറഞ്ഞുപോയ , തങ്ങളുടെ ഗുരുക്കന്മാർക്ക് ആദരാഞ്ജലിയർപ്പിച്ചു. ഇപ്പോൾ ജീവിച്ചിരിക്കുന്ന അദ്ധ്യാപകരെ മനസാ വണങ്ങി.
ഹെഡ്മാസ്റ്റർ ശ്രീ.ശ്രീജിത്ത് സാറും മുൻ ഹെഡ്മാസ്റ്റർ ജോൺസൺ ദാനിയേൽ സാറും ക്‌ളാസ്സിൽ ഉണ്ടായിരുന്നു. പൂർവ്വവിദ്യാർത്ഥികളെ സംഘടിപ്പിച്ച ശ്രീ വിനോദ് ഏവർക്കും നല്ല ഒരു സ്വാഗതം ആശംസിച്ചു. ....(തീർന്നില്ല..)
1981ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ നമ്മുടെ നേഴ്‌സറി ക്‌ളാസ് സന്ദർശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന സീലിംഗ് ഫാനിന്റെ ദുരവസ്ഥ കണ്ട് ആ ക്‌ളാസ്സിലെ ഉപയോഗത്തിനായി ഒരു പെഡസ്റ്റൽ ഫാൻ വാങ്ങി മുൻ ഹെഡ്മാസ്റ്ററായ ശ്രീ.ജോൺസൺ ദാനിയേൽ സാറിനെ ഏൽപ്പിച്ചു.അദ്ദേഹം ഉടൻതന്നെ പുതിയ ഹെഡ്മാസ്റ്ററായ ശ്രീ.ശ്രീജിത്ത് സാറിന് ആ ഫാൻ കൈമാറി.
No comments:
Post a Comment