പള്ളം ഗവ.യു.പി.സ്‌കൂൾ മുഖം മിനുക്കിത്തുടങ്ങിയപ്പോൾ ...
പള്ളം ഗവ.യു.പി.സ്‌കൂളിൽ സ്പിൽ ഓവർ വിഭാഗത്തിൽ ഉൾപ്പെടുത്തി പുതിയതായി രണ്ടു ശൗചാലയങ്ങളും ആൺകുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ മൂത്രപ്പുരയും നിർമ്മിച്ചു. വെള്ളപ്പൊക്കമുണ്ടാകുന്ന വേളയിൽ നമ്മുടെ വിദ്യാലയമാണ് മുപ്പത്തൊൻപത്, നാൽപ്പത് വാർഡുകളിലെ ജനങ്ങൾക്ക് പാർപ്പിടമായി മാറാറുള്ളത്. ആകെ മൂന്നു ശൗചാലയങ്ങൾ മാത്രമേയുള്ളു എന്നത് വളരെ ബുദ്ധിമുട്ടായിത്തീർന്നതിനാൽ നഗരസഭയിൽ പ്രോജക്ട് സമർപ്പിച്ചു ലഭിച്ച രണ്ടു ആധുനിക ശൗചാലയങ്ങൾ കുട്ടികൾക്കുമാത്രമല്ല, തെരഞ്ഞെടുപ്പ് ജോലികൾക്കു വരുന്ന ഉദ്യോഗസ്ഥർക്കും ദുരിതാശ്വാസ ക്യാമ്പുകൾക്കും ഇനിമുതൽ പ്രയോജനപ്പെടും. ഇത് അനുവദിച്ചു തന്ന വാർഡ് കൗൺസിലർ, നിർമ്മാണമേൽനോട്ടവും ചുമതലയും നിർവഹിച്ച നഗരസഭയുടെ എൻജിനീയറിങ് വിഭാഗം എന്നിവരോടുള്ള നന്ദി വിദ്യാലയത്തിന്റെ പേരിൽ രേഖപ്പെടുത്തുന്നു.
അതോടൊപ്പംതന്നെ നമ്മുടെ കിണറിന്റെ അറ്റകുറ്റപ്പണികളും നഗരസഭ ചെയ്തുതന്നു. ഒരുനൂറ്റാണ്ടിലധികം പഴക്കമുള്ള കിണറിന്റെ ചുറ്റുമതിലും തറയും എത്രനന്നാക്കിയാലും എല്ലാവർഷവും എലി തുരന്നു ദുർബലപ്പെടുത്തിയിരുന്നു. അതൊക്കെ മാറ്റി പുതിയ ചുറ്റുമതിലും തറയും ലഭ്യമായി.ഒപ്പം പുതിയ വലമൂടിയും മുകളിൽ കൂടുതൽ സുരക്ഷാ നൽകുന്നു.
അടുത്തതായി ചെയ്യുന്നത് മുറ്റത്തു ഇന്റർലോക്ക് കട്ടകൾ നിരത്തുന്ന പ്രവർത്തനമാണ്.ഇതിനായി കട്ടകൾ ഇറക്കിക്കഴിഞ്ഞു. ഈ ശനിയാഴ്ചയോടെ മുറ്റം ഭാഗീകമായി കട്ട നിരത്തി ഭംഗിയാക്കും.ഇനി മുറ്റത്തിന്റെ മുക്കാൽഭാഗവും ടൈൽ നിരത്താനുണ്ട്. അതും അടിയന്തിരമായി ചെയ്തു തരണമെന്ന് നഗരസഭയോട് അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment